സകാക്ക- ഉത്തര സൗദിയിലെ അല്‍ജൗഫ് പ്രവിശ്യ ഒലീവ് കൃഷിയുടെ കേന്ദ്രമായി മാറുന്നു. കാര്‍ഷിക വികസനത്തിന്റെയും ആധുനിക സാങ്കേതികവിദ്യകളുടെയും ഫലമായി അല്‍ജൗഫില്‍ ഒലീവ് ഉല്‍പ്പാദന നിരക്ക് വര്‍ധിപ്പിക്കാനും വിള ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിച്ചതിലൂടെ സൗദിയില്‍ ഒലീവ് കൃഷിയുടെയും ഒലീവ് എണ്ണയുല്പാദനത്തിന്റെയും തലസ്ഥാനമെന്ന സ്ഥാനം അല്‍ജൗഫ് ഉറപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഒലീവ് കൃഷിയിടം സ്ഥിതിചെയ്യുന്നത് അല്‍ജൗഫിലാണ്. അല്‍ജൗഫിലെ ഈ കൃഷിയിടം ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഒലീവ് കൃഷിയിടം എന്നോണം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിട്ടുണ്ട്. 7,713 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഈ കൃഷിയിടത്തില്‍ 50 ലക്ഷത്തിലധികം ഒലീവ് മരങ്ങള്‍ ഉണ്ട്. ഇത് അല്‍ജൗഫ് പ്രവിശ്യയിലെ കാര്‍ഷിക നിക്ഷേപങ്ങളുടെ തോത് പ്രതിഫലിപ്പിക്കുന്നു.

അല്‍ജൗഫ് പ്രവിശ്യയില്‍ ആകെ 2.3 കോടിയിലേറെ ഒലീവ് മരങ്ങള്‍ വളരുന്നു. ഇവ പ്രതിവര്‍ഷം ഏകദേശം 1,50,000 ടണ്‍ ഒലീവും ഏകദേശം 18,000 ടണ്‍ ഒലീവ് എണ്ണയും ഉല്പാദിപ്പിക്കുന്നു. സൗദി അറേബ്യയിലെ ഒലീവ്, ഒലീവ് എണ്ണയുല്പാദനത്തിന്റെ 67 ശതമാനവും അല്ജൗഫിന്റെ സംഭാവനയാണ്.
ആധുനിക ജലസേചന സംവിധാനങ്ങളുടെ വ്യാപകമായ ഉപയോഗം, യന്ത്രവല്‍കൃത വിളവെടുപ്പ്, ഏകദേശം 30 നൂതന ഒലീവ് എണ്ണയുല്പാദന മില്ലുളുടെ സാന്നിധ്യം എന്നിവ ഉല്‍പ്പാദന കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. ഒലീവ് കൃഷി മേഖല ഒലീവുമായി ബന്ധപ്പെട്ട പരിവര്‍ത്തന വ്യവസായങ്ങളെ പിന്തുണക്കുകയും രാജ്യത്ത് ഭക്ഷ്യ സുരക്ഷയും കാര്‍ഷിക വികസനവും ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.



