അന്റാലിയ (തുർക്കി)– ആഗോളതലത്തിൽ ദരിദ്ര രാജ്യങ്ങൾ നേരിടുന്ന ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കുന്നതിനായി ഹോർമുസ് കടലിടുക്ക് വഴിയുള്ള വളം കയറ്റുമതിക്ക് ഇറാനും അമേരിക്കയും അടിയന്തരമായി അനുമതി നൽകണമെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ) ആവശ്യപ്പെട്ടു. വളത്തിന്റെ ലഭ്യതക്കുറവ് കോടിക്കണക്കിന് ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത യു.എൻ ഓഫീസ് ഫോർ പ്രോജക്റ്റ് സർവീസസ് മേധാവി ജോർജ് മൊറേര ഡാ സിൽവ മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി അവസാനത്തോടെ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെയാണ് കപ്പൽ ഗതാഗതം സ്തംഭിച്ചത്. ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമഗ്രമായ കരാറിനായി ചർച്ചകൾ തുടരുന്നതിനൊപ്പം, വളം നീക്കത്തിനായി അടിയന്തരവും പരിമിതവുമായ ഒരു പ്രത്യേക സംവിധാനത്തിന് ഉടൻ ധാരണയാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിദിനം അഞ്ച് കപ്പലുകളിലെങ്കിലും വളം എത്തിക്കേണ്ടതുണ്ടെന്നും, അനുമതി ലഭിച്ചാൽ ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ കയറ്റുമതി ആരംഭിക്കാൻ യു.എൻ ടാസ്ക് ഫോഴ്സ് സജ്ജമാണെന്നും മൊറേര ഡാ സിൽവ വ്യക്തമാക്കി.
സംഘർഷത്തിന് മുമ്പ് ലോകത്തിലെ മൊത്തം വളം വിതരണത്തിന്റെ മൂന്നിലൊന്നും ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു നടന്നിരുന്നത്. ഉപരോധത്തെ തുടർന്ന് ആഗോള വിപണിയിൽ വളത്തിന്റെ വില 30 ശതമാനം വർധിച്ചു. ഇത് ദരിദ്ര രാജ്യങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സുഡാനിൽ ആറ് മാസത്തിനുള്ളിൽ ഭക്ഷ്യവസ്തുക്കളുടെ വില ഇരട്ടിയായതായും നേപ്പാളിൽ കർഷകർക്ക് വളം വാങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊസാംബിക്ക്, കെനിയ, സുഡാൻ, സൊമാലിയ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഏറ്റവും വലിയ ആഘാതം നേരിടുന്നത്. കൃഷിയിറക്കേണ്ട നിർണായക സമയം നഷ്ടപ്പെട്ടാൽ നാലര കോടി ആളുകൾ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടേണ്ടി വരുമെന്നും മൂന്നു കോടി ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴുമെന്നും യു.എൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.



