മക്ക – തീര്‍ഥാടക ലക്ഷങ്ങളുടെ ഹജ് സുഗമമാക്കാനായി നുസുക് ആപ്പില്‍ ഉള്‍പ്പെടുത്തിയ സേവനങ്ങളുടെ എണ്ണം 130 ആയി ഉയര്‍ന്നതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ ഹജ് യാത്ര ഫലപ്രദമായി സുഗമമാക്കുന്ന സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് നുസുക്. തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളില്‍ സുഗമമായി സഞ്ചരിക്കാന്‍ സഹായിക്കുന്ന പ്രായോഗിക പരിഹാരങ്ങള്‍ നല്‍കുന്ന വിപുലമായ സേവനങ്ങള്‍ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഹജുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും എളുപ്പത്തിലും മനസ്സമാധാനത്തോടെയും പൂര്‍ത്തിയാക്കാന്‍ സമഗ്രമായ മാര്‍ഗനിര്‍ദ്ദേശം ആപ്പ് നല്‍കുന്നുണ്ടെന്നും ഹയ്യാകുമുല്ല എന്ന ശീര്‍ഷകത്തിലുള്ള ബോധവല്‍ക്കരണ കാമ്പെയ്നിന്റെ ഭാഗമായി മന്ത്രാലയം വെളിപ്പെടുത്തി.
നുസുക് പ്ലാറ്റ്ഫോം ഉപയോക്താക്കളുടെ എണ്ണം 5.1 കോടി കവിഞ്ഞതായാണ് ആപ്പിന്റെ ഉപയോക്തൃ ഗൈഡില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകള്‍. ഓരോ ചുവടുവെപ്പിലും തീര്‍ഥാടകരുടെ ഡിജിറ്റല്‍ കൂട്ടാളിയായാഈ ആപ്പ്. അവരുടെ ആത്മീയ യാത്രയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന 130 വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഹജ് കര്‍മ്മങ്ങളുടെ നിര്‍വ്വഹണം സുഗമമാക്കാനും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ അനുഭവം സമ്പന്നമാക്കാനും ആപ്പ് സഹായിക്കും.
തീര്‍ഥാടകര്‍ക്ക് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും അവരുടെ ത്വവാഫിന്റെ എണ്ണം കൃത്യമായി കണക്കാക്കാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന കൃത്യമായ സാങ്കേതിക മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഡിജിറ്റല്‍ ഗൈഡ് സേവനം ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനില്‍ ലഭ്യമായ പ്രധാന സേവനങ്ങളെ കുറിച്ച് മന്ത്രാലയം എടുത്തുപറഞ്ഞു. പുണ്യസ്ഥലങ്ങളിലേക്ക് നേരിട്ട് എത്താനും അവക്കിടയിലുള്ള ചലനം സുഗമമാക്കാനുമുള്ള സംവേദനാത്മക ഗൈഡായ നുസുക് മാപ്സ് സേവനവും വിശുദ്ധ ഹറമില്‍ തീര്‍ഥാടകരുടെ ചലനം സുഗമമാക്കുന്നതിന് ഗോള്‍ഫ് കാര്‍ട്ട്‌സ് ഓപ്ഷനും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
വിശ്വസനീയമായ ഇലക്ട്രോണിക് ചുവടുവെപ്പുകളിലൂടെ ബലികര്‍മ്മം പൂര്‍ത്തിയാക്കാന്‍ തീര്‍ഥാടകര്‍ക്ക് കാര്യക്ഷമമായ സംവിധാനം നല്‍കുന്ന ഉദുഹിയ്യത്ത് സേവനവും നുസുക് ആപ്പില്‍ ഉള്‍പ്പെടുന്നുണ്ട്. അല്ലാഹുവിന്റെ അതിഥികളെ സേവിക്കാനും സുഗമവും സൗകര്യപ്രദവുമായ ഹജ് അനുഭവം ഉറപ്പാക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ മേഖലകളുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന നിലക്ക് സമഗ്രമായ ഹജ് സേവന സംവിധാനത്തില്‍ ഈ ഡിജിറ്റല്‍ പരിഹാരങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്നു.



