ജിദ്ദ – ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചകള്‍ വരുത്തിയതിന് 100 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഈ വര്‍ഷം ആദ്യ പാദത്തില്‍ പിഴ ചുമത്തിയതായി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു. ഇവര്‍ക്ക് ആകെ 40 ലക്ഷത്തോളം റിയാലാണ് പിഴ ചുമത്തിയത്. നിയമ ലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് പദവികള്‍ ശരിയാക്കാന്‍ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു. ഇതിനകം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പിഴകള്‍ ചുമത്തിയത്.
ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും പ്രീമിയങ്ങള്‍ പൂര്‍ണ്ണമായി അടക്കാനും തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് വ്യവസ്ഥ ചെയ്യുന്ന സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 41 അടിസ്ഥാനമാക്കിയാണ് പിഴ. പിഴക്കു പുറമെ നിയമ ലംഘനത്തിന്റെ തീവ്രതയനുസരിച്ച് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താല്‍ക്കാലിക വിലക്കും സ്ഥിരം വിലക്കും പോലുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സിന്റെ എല്ലാ ഗുണഭോക്താക്കള്‍ക്കും തടസ്സമില്ലാത്ത കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ശ്രമങ്ങള്‍ തുടരുന്നതായി കൗണ്‍സില്‍ വക്താവ് ഈമാന്‍ അല്‍തുറൈഫി വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് കൗണ്‍സിലിന്റെ ശ്രമം. ഇതോടൊപ്പം നിയമപാലനം ഉറപ്പാക്കുകയും നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുകയും നിയമം പാലിക്കാത്ത കക്ഷികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. നിയമത്തിന്റെ ആവശ്യകതകള്‍ കാര്യക്ഷമമായി പ്രയോഗിച്ചുകൊണ്ട് തൊഴിലുടമകളെ അവരുടെ ശേഷികള്‍ വികസിപ്പിക്കാനും ഇത് സഹായിക്കും കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുന്നതായും ഈമാന്‍ അല്‍തുറൈഫി പറഞ്ഞു.



