മക്ക- ഹജ് സീസണിന്റെ ഭാഗമായി മക്കയിൽ പ്രവേശിക്കുന്നതിനുള്ള വ്യാജ പെർമിറ്റുകൾ നിർമ്മിച്ച് വിതരണം ചെയ്ത സൗദി യുവാവിനെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ പെർമിറ്റുകൾ നിർമ്മിച്ച് വിൽപന നടത്തിയതിനാണ് ഇയാൾ പിടിയിലായത്. ഇയാളെ തുടർന്നുള്ള നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇതോടൊപ്പം തന്നെ ഹജ് തട്ടിപ്പുകൾ നടത്തിയ രണ്ട് ഇന്തോനേഷ്യൻ പൗരന്മാരെയും മക്ക പോലീസ് പിടികൂടിയിട്ടുണ്ട്. ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യം നൽകിയാണ് ഇവർ ആളുകളെ കബളിപ്പിച്ചത്.


തട്ടിപ്പ് സംഘത്തിന്റെ പക്കൽ നിന്ന് വ്യാജ ഹജ് കാർഡുകളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ വിദേശികളെയും പ്രോസിക്യൂഷൻ നടപടികൾക്കായി കൈമാറിയിട്ടുണ്ട്. ഹജ് സംബന്ധമായ എല്ലാ നിയമങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഹജ് നിയമങ്ങൾ ലംഘിക്കുന്നവരെയോ തട്ടിപ്പുകൾ നടത്തുന്നവരെയോ കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ ഉള്ളവരാണെങ്കിൽ 911 എന്ന നമ്പറിലും, മറ്റ് സ്ഥലങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
https://twitter.com/i/status/2053192596940341531



