ജിദ്ദ– വിദ്യാര്‍ഥികളുടെ സുരക്ഷ, വിദ്യാഭ്യാസ നിലവാരം, അംഗീകൃത നിയമങ്ങളും വ്യവസ്ഥകളും പാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തടര്‍ന്ന് സൗദിയിലെ ഏതാനും നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. സാധുവായ ഓപ്പറേറ്റിംഗ് ലൈസന്‍സിന്റെയും സുരക്ഷാ ലൈസന്‍സിന്റെയും (സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ്) അഭാവം നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നതായി മന്ത്രാലയം വിശദീകരിച്ചു.
വീടുകള്‍ക്ക് സമീപമുള്ള അനുയോജ്യമായ പഠന അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തടസ്സമില്ലാതെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്ന നിലക്ക് ഈ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ നേരിട്ട് പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റാന്‍ മന്ത്രാലയം സൗകര്യമൊരുക്കി. അതോടൊപ്പം മാതാപിതാക്കള്‍ക്ക് ഇഷ്ടമുള്ള സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള ഓപ്ഷനും നല്‍കി. നിരവധി നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിട്ടും തിരുത്തല്‍ ആവശ്യകതകളോട് സ്‌കൂളുകള്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ലൈസന്‍സുകള്‍ റദ്ദാക്കിയത്. തുടര്‍ച്ചയായ നിയമ ലംഘനങ്ങളുടെ ഫലമായുണ്ടാകുന്ന ഉയര്‍ന്ന തോതിലുള്ള അപകടസാധ്യതകളും ആവശ്യമായ പ്രവര്‍ത്തന ആവശ്യകതകള്‍ പാലിക്കുന്നതില്‍ സ്‌കൂളുകളുടെ കഴിവില്ലായ്മയും കടുത്ത നടപടി സ്വീകരിക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചു.
കഴിഞ്ഞ കാലയളവില്‍ നടത്തിയ പരിശോധനകളില്‍ ഏതാനും സ്‌കൂളുകള്‍ ലൈസന്‍സുകള്‍ പുതുക്കുകയോ പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇത് വിദ്യാര്‍ഥികളുടെ സുരക്ഷ സംരക്ഷിക്കാനും വിദ്യാഭ്യാസ അന്തരീക്ഷത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും നിയമാനുസൃത നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാക്കി.



