റിയാദ് – പ്രവാചക നഗരിയിലെ ഖിബ്‌ലത്തൈന്‍ മസ്ജിദ് വിശ്വാസികള്‍ക്കു മുന്നില്‍ ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ഖിബ്‌ലത്തൈന്‍ മസ്ജിദില്‍ എല്ലാ സമയത്തും നമസ്‌കാരം നിര്‍വഹിക്കാന്‍ വിശ്വാസികള്‍ക്ക് അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
രാജാവിന്റെ നിര്‍ദേശം പാലിച്ച് ഖിബ്‌ലത്തൈന്‍ മസ്ജിദ് ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ പറഞ്ഞു. മദീനയില്‍ ഹജ്, ഉംറ തീര്‍ഥാടകരും സന്ദര്‍ശകരും അടക്കമുള്ളവര്‍ സന്ദര്‍ശിക്കാനും നമസ്‌കാരം നിര്‍വഹിക്കാനും പ്രത്യേകം താല്‍പര്യം കാണിക്കുന്ന ചരിത്ര മസ്ജിദുകളില്‍ പ്രധാനപ്പെട്ട പള്ളിയാണ് ഖിബ്‌ലത്തൈന്‍ മസ്ജിദ്.


നേരത്തെ മക്കയിലെ വിശുദ്ധ ഹറം മാത്രമാണ് ഇരുപത്തിനാലു മണിക്കൂറും തുറന്നിട്ടിരുന്നത്. പതിനെട്ടു വര്‍ഷം മുമ്പാണ് മദീന മസ്ജിദുന്നബവി ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ തുടങ്ങിയത്. 2007 ഒക്‌ടോബര്‍ ഒമ്പതിന് (ഹിജ്‌റ 1428 റമദാന്‍ 27) അബ്ദുല്ല രാജാവാണ് പ്രവാചക മസ്ജിദ് വര്‍ഷം മുഴുവന്‍ ഇരുപത്തിനാലു മണിക്കൂറും വിശ്വാസികള്‍ക്കു മുന്നില്‍ തുറന്നിടാന്‍ നിര്‍ദേശം നല്‍കിയത്.