ജിദ്ദ – ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്ക് സൗദിയില്‍ തുടരാവുന്ന കാലയളവ് നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ സൗദി മന്ത്രിസഭ നിര്‍ണയിച്ചു. ദീര്‍ഘകാലം സൗദിയില്‍ രജിസ്റ്റര്‍ ചെയ്യാതെ കിടക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കുറക്കാനും ഉപയോഗം നിയന്ത്രിക്കാനുമാണ് ഈ വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നത്. സൗദി പൗരന്റെയോ സൗദിയില്‍ കഴിയുന്ന പ്രവാസിയുടെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും രാജ്യത്തിനുള്ളില്‍ അവ ഓടിക്കാന്‍ അധികാരപ്പെടുത്തിയ വാഹനങ്ങള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്. ഏതെങ്കിലും ജി.സി.സി രാജ്യത്തിലെ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാടകക്കെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ് ലഭിക്കും.
365 ദിവസത്തിനിടെ തുടര്‍ച്ചയായയോ ഇടവിട്ടോ ഒരു വാഹനം 90 ദിവസത്തില്‍ കൂടുതല്‍ സൗദിയില്‍ തുടരാന്‍ പാടില്ല എന്ന് ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. വാഹനം കസ്റ്റംസ് പോര്‍ട്ട് വഴി പ്രവേശിക്കുന്ന തീയതി മുതല്‍ ഈ കാലയളവ് കണക്കാക്കും. വാഹനം സൗദിയില്‍ തുടരാനുള്ള കാലാവധി അവസാനിക്കുന്നതിന് മുമ്പായി കാലാവധി നീട്ടാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ വാഹന ഉടമയെയും അംഗീകൃത ഡ്രൈവറെയും വ്യവസ്ഥകള്‍ അനുവദിക്കുന്നു. മന്ത്രാലയം അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് അപേക്ഷ പരിശോധിച്ച് ആവശ്യമായ വിവരങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കും.
വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ വാഹന ഡാറ്റ സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആവശ്യകതകള്‍ക്കനുസൃതമായി ഉടമയോ അംഗീകൃത ഡ്രൈവറോ വാഹനത്തിന്റെ ഡാറ്റ കസ്റ്റംസ് പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യണം. നിയമാനുസൃത കാലയളവ് കഴിഞ്ഞും സൗദിയില്‍ തുടരുന്ന ഗള്‍ഫ് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ ഓടിക്കുന്നത് നിയമ ലംഘനമായി കണക്കാക്കി, ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (68) ലെ ഖണ്ഡിക (5) പ്രകാരം പിഴ ചുമത്തുമെന്ന് ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി ഗവര്‍ണര്‍ ആവശ്യമായ എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ പുറപ്പെടുവിക്കും.



