ന്യൂയോർക്ക്- നയതന്ത്ര, സ്പെഷ്യൽ പാസ്പോർട്ടുകൾ കൈവശമുള്ളവർക്കുള്ള പരസ്പര വിസ ഇളവ് കരാറിൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവെച്ചു. ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിയുടെ ഉന്നതതല വാരത്തോടനുബന്ധിച്ച് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദാറും ഇന്നലെ ന്യൂയോർക്ക് സിറ്റിയിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇരുവരും കരാറിൽ ഒപ്പുവെച്ചത്. നടപടിക്രമങ്ങൾ സുഗമമാക്കുക, സംയുക്ത ഏകോപനം വർധിപ്പിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം.
അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി, വിദേശ മന്ത്രാലയത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോളിസി പ്ലാനിംഗ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബിൻ ഖാലിദ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് മിസ്അബ് ബിൻ മുഹമ്മദ് അൽഫർഹാൻ രാജകുമാരൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







