ജിദ്ദ- സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വൻ വർധനവ് രേഖപ്പെടുത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025-ൽ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 14.09 കോടി യാത്രക്കാരാണ് കടന്നുപോയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 9.6 ശതമാനത്തിന്റെ വളർച്ചയാണ് കാണിക്കുന്നത്. മൊത്തം യാത്രക്കാരിൽ 7.58 കോടി പേർ അന്താരാഷ്ട്ര സർവീസുകളെ ആശ്രയിച്ചവരാണ്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 9.4 ശതമാനവും, 6.51 കോടിയായി ഉയർന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 9.8 ശതമാനവും വളർച്ച കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്. പ്രതിദിന കണക്കുകൾ പരിശോധിച്ചാൽ ആഭ്യന്തര സർവീസുകളിൽ ശരാശരി 1,78,600 പേരും അന്താരാഷ്ട്ര സർവീസുകളിൽ 2,07,700 പേരും ദിവസേന യാത്ര ചെയ്തു.
യാത്രക്കാരുടെ എണ്ണത്തിൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ് രാജ്യത്ത് ഏറ്റവും മുന്നിൽ. 9 ശതമാനം വളർച്ചയോടെ 5.35 കോടി യാത്രക്കാരാണ് ജിദ്ദ എയർപോർട്ട് വഴി യാത്ര ചെയ്തത്. 8.7 ശതമാനം വളർച്ചയോടെ 4.08 കോടി യാത്രക്കാരെ സ്വീകരിച്ച് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തും, 7 ശതമാനം വളർച്ചയോടെ 1.37 കോടി യാത്രക്കാരുമായി ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്തുമെത്തി.
കഴിഞ്ഞ വർഷം രാജ്യത്തെ ആകെ വിമാന സർവീസുകളുടെ എണ്ണത്തിലും 8.3 ശതമാനത്തിന്റെ വർധനവുണ്ടായി. മൊത്തം 9,79,800 സർവീസുകൾ നടന്നതിൽ 5,06,300 എണ്ണം ആഭ്യന്തര സർവീസുകളും (6.8% വർധനവ്), 4,73,500 എണ്ണം അന്താരാഷ്ട്ര സർവീസുകളുമാണ് (10% വർധനവ്). സർവീസുകളുടെ കാര്യത്തിലും 3,14,400 സർവീസുകളുമായി ജിദ്ദ വിമാനത്താവളം തന്നെയാണ് ഒന്നാമത്. റിയാദ് (2,96,800 സർവീസുകൾ), ദമാം (1,08,500 സർവീസുകൾ) വിമാനത്താവളങ്ങളാണ് തൊട്ടുപിന്നിൽ. പ്രതിദിനം ശരാശരി 1,387 ആഭ്യന്തര സർവീസുകളും 1,297 അന്താരാഷ്ട്ര സർവീസുകളും സൗദിയിൽ നടക്കുന്നുണ്ട്. രാജ്യത്തെ വാണിജ്യ, പൊതു വിമാനങ്ങളുടെ എണ്ണം 33.8 ശതമാനം വർധിച്ച് 483 ആയി ഉയർന്നു. ഇതിൽ 266 എണ്ണം വാണിജ്യ വിമാനങ്ങളാണ്. ഇവയിൽ ഭൂരിഭാഗവും (120 എണ്ണം) 151-250 സീറ്റുകളുള്ള വിഭാഗത്തിലാണ് പെടുന്നത്. കൂടാതെ 5 വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള 99 പുതിയ വാണിജ്യ വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സൗദി അറേബ്യയിൽ നിന്നുള്ള വ്യോമയാന കണക്ടിവിറ്റി 1.5 ശതമാനം വർധനവോടെ 66 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതോടെ യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ (ഡെസ്റ്റിനേഷൻസ്) എണ്ണം 2.3 ശതമാനം ഉയർന്ന് 176 ആയി മാറി. രാജ്യത്തെ വ്യോമാതിർത്തി ഉപയോഗിച്ച എയർലൈനുകളിൽ 25.5 ശതമാനം സർവീസുകളുമായി ദേശീയ വിമാനക്കമ്പനിയായ സൗദിയയാണ് ഒന്നാമത്. ഫ്ലൈനാസ് 13.3 ശതമാനം സർവീസുകളും ഫ്ലൈ അദീൽ 8.6 ശതമാനം സർവീസുകളും നടത്തി. അതേസമയം, 2024-ൽ ആഗോള എയർ കണക്റ്റിവിറ്റി സൂചികയിൽ 17-ാം സ്ഥാനത്തായിരുന്ന സൗദി അറേബ്യ, 2025-ൽ 18-ാം സ്ഥാനത്തേക്ക് നേരിയ മാറ്റം രേഖപ്പെടുത്തി.
കാർഗോ സർവീസുകളുടെ കാര്യത്തിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ൽ 11.9 ലക്ഷം ടൺ എയർ കാർഗോ കൈകാര്യം ചെയ്ത സ്ഥാനത്ത് 2025-ൽ അത് 11.8 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഇതിൽ ഇന്‍ബൗണ്ട് കാർഗോ 6,95,600 ടണ്ണും, ഔട്ട്ബൗണ്ട് കാർഗോ 69,700 ടണ്ണും, ട്രാൻസിറ്റ് കാർഗോ 420,100 ടണ്ണുമായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഏറ്റവും കൂടുതൽ എയർ കാർഗോ കൈകാര്യം ചെയ്തത്. ഈ ഒരൊറ്റ മാസം കൊണ്ട് മാത്രം കാർഗോ അളവ് 1,13,400 ടൺ കവിഞ്ഞു.



