ജിദ്ദ- ഈ വർഷത്തെ ബലി കർമ്മങ്ങൾക്കായി (അദാഹി) 720 റിയാൽ നിരക്ക് നിശ്ചയിച്ചതായി സൗദി അറേബ്യ അറിയിച്ചു. ബലിമൃഗത്തെ വാങ്ങുന്നത് മുതൽ അതിന്റെ ആരോഗ്യ പരിശോധന, കശാപ്പ്, പാക്കേജിംഗ്, വിതരണം എന്നിവയുൾപ്പെടെയുള്ള എല്ലാ ചെലവുകളും ഈ തുകയിൽ ഉൾപ്പെടും. ഹജ്ജ് തീർഥാടകർക്കും മറ്റുള്ളവർക്കും വിശ്വാസയോഗ്യമായ രീതിയിൽ ബലി കർമ്മം പൂർത്തിയാക്കാൻ അദാഹി, നുസുക്, ഇഹ്സാൻ പ്ലാറ്റ്‌ഫോമുകൾ വഴിയും വിവിധ പ്രമുഖ ബാങ്കുകൾ, സൗദി പോസ്റ്റ്, ജാഹിസ് ആപ്പ് എന്നിവ വഴിയും കൂപ്പണുകൾ വാങ്ങാവുന്നതാണ്.
ശരീഅത്ത് നിയമങ്ങളും കർശനമായ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മക്കയിലെ ഏഴ് അത്യാധുനിക സമുച്ചയങ്ങൾ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം. കന്നുകാലികളുടെ വെറ്ററിനറി പരിശോധന ഉറപ്പാക്കാൻ പ്രത്യേക സാങ്കേതിക സമിതികളും വിദഗ്ധ ജീവനക്കാരും രംഗത്തുണ്ടാകും. ഉദുഹിയത്ത്, ഹദ്‌യ്, ഫിദ്‌യ, സദഖ, അഖീഖത്ത് തുടങ്ങിയ എല്ലാത്തരം ബലി കർമ്മങ്ങളും അദാഹി പദ്ധതിയിലൂടെ നിർവഹിക്കാം. ഇത് തീർഥാടകർക്ക് മറ്റ് ആരാധനകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകമാകുന്നു.
ബലി മാംസം പാഴായിപ്പോകുന്നത് ഒഴിവാക്കാനും പരിസ്ഥിതി മലിനീകരണം തടയാനുമാണ് നാലര പതിറ്റാണ്ട് മുമ്പ് സൗദി ഈ പദ്ധതിക്ക് തുടക്കമിട്ടത്. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും അർഹരായവർക്ക് ആദ്യം മാംസം വിതരണം ചെയ്യും. ബാക്കി വരുന്നവ ലോകമെമ്പാടുമുള്ള 25-ലധികം രാജ്യങ്ങളിലെ നിർധനരിലേക്ക് എത്തിക്കും. വിദേശ രാജ്യങ്ങളിലെ എംബസികളുമായും അംഗീകൃത സംഘടനകളുമായും സഹകരിച്ചാണ് ഈ വിതരണ ശൃംഖല പ്രവർത്തിക്കുന്നത്.
മക്ക റോയൽ കമ്മീഷന്റെ പൂർണ്ണ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പദ്ധതി വഴി ഓരോ വർഷവും പത്തു ലക്ഷത്തിലധികം കന്നുകാലികളെയാണ് ബലിയറുക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കായി വിദേശങ്ങളിൽ നിന്ന് ഏകദേശം കാൽ ലക്ഷത്തോളം താൽക്കാലിക തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നുണ്ട്. ഹജ്ജ് സീസണിലും വർഷം മുഴുവനും കൃത്യമായ ഭരണനിർവ്വഹണ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഏറ്റവും സുരക്ഷിതമായ രീതിയിൽ മാംസം ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കുന്നു.



