ജിദ്ദ – ഇറാനെതിരെയുള്ള അമേരിക്കന്‍-ഇസ്രായില്‍ യുദ്ധ പ്രത്യാഘാതങ്ങളാല്‍ വ്യോമാതിര്‍ത്തികള്‍ താത്ക്കാലികമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍, ഇറാഖിലേയും ഗള്‍ഫിലേയും വിമാന കമ്പനികള്‍ക്ക് ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍. പല രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് സൗദി വിമാനത്താവളങ്ങള്‍ മറ്റു വിമാന കമ്പനികള്‍ക്ക് തുറന്നുകൊടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. സൗദി സര്‍ക്കാരിന്റെ അനുമതിയെ തുടര്‍ന്ന്, കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് വിമാന സര്‍വീസുകള്‍ നടത്താനുള്ള പ്ലാറ്റ്ഫോം എന്നോണം ഗള്‍ഫ് വിമാന കമ്പനികള്‍ സൗദി വിമാനത്താവളങ്ങളെ ഉപയോഗിച്ചതായും അവര്‍ വിശദീകരിച്ചു. കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നും കുവൈത്തിലെ ജസീറ
എയര്‍വേയ്‌സ് കിഴക്കന്‍ സൗദി അറേബ്യയിലെ ഹഫര്‍ അല്‍ബാത്തിനിലുള്ള ഖൈസൂമ വിമാനത്താവളം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്ത് എയര്‍പോര്‍ട്ടിലെ റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഖൈസൂമ വിമാനത്താവളം കുവൈത്തില്‍ നിന്ന് കാര്‍ മാര്‍ഗം ഏകദേശം രണ്ടര മണിക്കൂര്‍ അകലെയാണ്. വിദേശങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഖൈസൂമ വിമാനത്താവളത്തിലെത്തിയ ശേഷം കുവൈത്തിലേക്ക് കരമാര്‍ഗം യാത്ര തുടരാന്‍ കഴിയും. കുവൈത്തില്‍ നിന്ന് വിദേശങ്ങളിലേക്ക് പുറപ്പെടുന്നവര്‍ക്ക് കരമാര്‍ഗം ഖൈസൂമ വിമാനത്താവളത്തി യാത്ര സാധിക്കും. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് സാധുവായ വിസ വേണമെന്ന് വ്യവസ്ഥയുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍, സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കും വേണ്ടി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഖൈസൂമ വിമാനത്താവളത്തിലേക്ക് മാറ്റിയതായി ജസീറ എയര്‍വേയ്‌സ് അറിയിച്ചു. അതിനിടെ ഗള്‍ഫ് എയര്‍ ദമ്മാമില്‍ നിന്നുള്ള സര്‍വീസുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. ലണ്ടന്‍, മുംബൈ, ബാങ്കോക്ക് എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദമ്മാമില്‍ നിന്ന് ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ ആരംഭിച്ചു. മേഖലയില്‍ വ്യോമഗതാഗതത്തില്‍ നിലവില്‍ നേരിടുന്ന തടസ്സങ്ങള്‍ക്കിടയിലും സര്‍വീസ് തുടര്‍ച്ച നിലനിര്‍ത്താന്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതായി ഗള്‍ഫ് എയര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫ്ളൈറ്റ് റാഡാര്‍24 ഡാറ്റ പ്രകാരം, ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള അല്‍ഉല വിമാനത്താവളത്തിലും ഇറങ്ങി. ഇറാഖ് വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഉത്തര സൗദിയിലെ അറാര്‍ വിമാനത്താവളം വഴി സര്‍വീസുകള്‍ നടത്തുന്നതായി ഇറാഖി എയര്‍വേയ്‌സും വ്യക്തമാക്കി.
സൗദിയില്‍ 13 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ 29 എയര്‍പോര്‍ട്ടുകളുണ്ട്. 2025 ല്‍ സൗദിയില്‍ വിമാന യാത്രക്കാരുടെ എണ്ണം 14 കോടി കവിഞ്ഞു. യാത്രക്കാരുടെ എണ്ണത്തില്‍ ഒമ്പതു ശതമാനം വളര്‍ച്ചയുണ്ടായി. സൗദിയില്‍ നിന്ന് സര്‍വീസുകളുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 176 ആയി ഉയര്‍ന്നു. രാജ്യത്തിന്റെ എയര്‍ കണക്റ്റിവിറ്റി പ്രോഗ്രാം സൗദി അറേബ്യയിലേക്ക് ഡയറക്ട് വിമാന സര്‍വീസുകള്‍ നടത്താനായി 12 പുതിയ വിദേശ വിമാന കമ്പനികളെ ആകര്‍ഷിക്കുകയും 18 പുതിയ നഗരങ്ങളിലേക്ക് 60 ലധികം പുതിയ വിമാന റൂട്ടുകള്‍ ആരംഭിക്കുകയും ചെയ്തു. ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ കരുത്ത് ഇത് പ്രകടമാക്കുന്നു. 2025 ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സൗദി അറേബ്യയിയില്‍ വ്യോമ ഗതാഗതത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 9.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എല്ലാ പ്രാദേശിക ശരാശരികളെയും കവിഞ്ഞ വളര്‍ച്ച കൈവരിച്ചതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും ഏറ്റവും വികസിതവുമായ വ്യോമയാന വിപണികളില്‍ ഒന്നായി സൗദി അറേബ്യ മാറിയിരിക്കുകയാണ്.
കൊറോണ മഹാമാരി വ്യാപനത്തിന് മുമ്പ് 2019 ല്‍ 10 കോടി വിമാന യാത്രക്കാര്‍ക്ക് സേവനം നല്‍കിയ സൗദി അറേബ്യ മേഖലയിലെ ഏറ്റവും വലിയ യാത്രാ വിപണികളില്‍ ഒന്നാണ്. 2013 നും 2018 നും ഇടയില്‍ സൗദിയില്‍ വ്യോമയാന മേഖലയില്‍ യാത്രാ സേവനങ്ങള്‍ ഇരട്ടിയായി. അതിനിടെ ഗള്‍ഫ് രാജ്യങ്ങളിലെ സിവിലിയന്‍ സൗകര്യങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ തുടരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



