ദോഹ: പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള യുണൈറ്റഡ് മാർഷൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ (യുഎംഎഐ) തങ്ങളുടെ നാൽപതാം വാർഷികാഘോഷങ്ങൾക്ക് ദോഹയിൽ തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് മെയ് 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടത്തുന്ന രക്തദാന ക്യാമ്പോടെയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
2025 ഡിസംബർ ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. കരാട്ടെ, കളരി, കുങ്ഫു ചാമ്പ്യൻഷിപ്പുകൾക്ക് പുറമേ ബാഡ്മിന്റൺ ടൂർണമെന്റ്, വടംവലി, ചെസ് മത്സരം, പഞ്ചഗുസ്തി, സ്കൂൾതല കലാ-കായിക മത്സരങ്ങൾ, കലാ-സാംസ്കാരിക സദസ്സുകൾ, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യ സെമിനാറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
1985-ൽ കോഴിക്കോട് പാലാഴിയിൽ ഗ്രാൻഡ് മാസ്റ്റർ സിഫു ഡോ. ആരിഫ് സി.പി.യുടെ നേതൃത്വത്തിൽ യുഎംഎഐ അക്കാദമിക്ക് തുടക്കം കുറിച്ചു. 1999 മുതൽ ടെക്നിക്കൽ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ. മണ്ണോളിയുടെ നേതൃത്വത്തിൽ ദോഹയിലും യുഎംഎഐ സജീവമായി പ്രവർത്തിച്ചുവരുന്നു. യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ 42-ലേറെ രാജ്യങ്ങളിൽ യുഎംഎഐ കായികാഭ്യാസ പരിശീലനം നൽകുന്നുണ്ട്.
കായിക പരിശീലനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും യുഎംഎഐയുടെ മുഖമുദ്രയാണ്. രക്തദാന ക്യാമ്പോടെ തുടങ്ങുന്ന ഈ വാർഷികാഘോഷം വിവിധ പരിപാടികളോടെ 2025 ഡിസംബർ ആദ്യവാരം സമാപിക്കും. വാർത്താസമ്മേളനത്തിൽ യുഎംഎഐ അക്കാദമി ഡയറക്ടർ നൗഷാദ് മണ്ണോളി, സെക്രട്ടറി ഷബീർ പി. പിവാണിമേൽ, പബ്ലിക് റിലേഷൻസ് ഓഫീസർ ഉബൈദ് നാദാപുരം, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഹനീഫ വി.ടി. എന്നിവർ പങ്കെടുത്തു.