ദോഹ– 2026 ഫുട്ബാൾ ലോകകപ്പിൽ പന്തു തട്ടാൻ ഒരു മലയാളി, അതും മറ്റൊരു രാജ്യത്തിന് വേണ്ടി. കണ്ണൂർക്കാരനായ തഹസീൻ മുഹമ്മദാണ് ആ ഭാഗ്യം ലഭിച്ച മലയാളി. അറേബ്യൻ ശക്തികളായ ഖത്തറിന് വേണ്ടി ലോകകപ്പ് വേദികളിൽ പന്തു തട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികളായ ഫുട്ബോൾ പ്രേമികൾ.
ചൊവ്വാഴ്ച രാത്രി യുഎഇയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കുമ്പോൾ കളത്തിൽ ഇറങ്ങിയില്ലെങ്കിലും ബെഞ്ചിൽ സഹതാരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്നതിൽ കണ്ണൂർ വളപട്ടണം സ്വദേശിയായ തഹസീൻ മുഹമ്മദ് ഉണ്ടായിരുന്നു. ഖത്തർ ഫുട്ബോൾ അസോസിയേഷൻ ലോകകപ്പ് യോഗ്യത പ്രഖ്യാപനവുമായി 53 താരങ്ങളുടെ ചിത്രത്തിലും 19 കാരനായ മലയാളി ഇടം പിടിച്ചു.
ശേഷം ചരിത്രം നിമിഷത്തിന് സാന്നിധ്യം കുറിച്ച താരങ്ങൾക്ക് ലുസൈൽ കൊട്ടാരത്തിൽ അമീർ ഷെയഖ് തമീം നൽകിയ വിരുന്നിലും മലയാളികൾക്ക് അഭിമാനമായി തഹസീന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഖത്തറിലെ ആസ്പയറിൽ കളി പഠിച്ച തഹ്സിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത് മുൻ കേരള ഫുട്ബോൾ താരവും പിതാവുമായ ജംഷീദ് ആയിരുന്നു. ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാമ്പ് വരെ എത്തിയെങ്കിലും നഷ്ടമായ അവസരം മകനിലൂടെയായിരുന്നു സ്വപ്നം കണ്ടത്.
1985 ൽ കേരളത്തിന്റെ സബ് ജൂനിയർ ടീമിലൂടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന്റെ ഭാഗമായ ജംഷീദിന് തിരിച്ചടിയായത് പരിക്കാണ്. ഒപ്പം കളിച്ച ജോപോൾ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ ടീമിന്റെ നീല ജേഴ്‌സിയിൽ പന്തു തട്ടിയപ്പോൾ കാഴ്ചക്കാരനായി നിന്ന ജംഷീദ് 23 വയസ്സിൽ പ്രവാസ ലോകത്തേക്ക് പ്രവേശിച്ചു.
പിന്നീട് ഖത്തറിൽ സ്ഥിര താമസമാക്കിയ ജംഷീദ് തനിക്ക് നഷ്ടപ്പെട്ട സ്വപ്നം മകനായ തഹ്സിനിലൂടെ കണ്ടു. തുടർന്ന് പിതാവിന്റെ പിന്തുണയിൽ കളി പഠിച്ച തഹ്സിന് 2021ൽ ഖത്തർ അണ്ടർ 16 ന് വേണ്ടി ബൂട്ട് കെട്ടി ഫുട്ബോൾ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് വെച്ചു. തൊട്ടടുത്ത വർഷങ്ങളിൽ അണ്ടർ 17,19 ടീമുകളിൽ അവസരം ലഭിച്ച താരത്തെ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ ദുഹൈൽ അണിനിരയിൽ എത്തിച്ചു.
2024 ഏപ്രിൽ ഒന്നിന് അൽ റയാനെതിരെ അൽ ദുഹൈൽ സീനിയർ ടീമിന് വേണ്ടി 88-ാം മിനുറ്റിൽ കളത്തിലിറങ്ങി അരങ്ങേറ്റം കുറിച്ചു. ബ്രസീലിയൻ ദേശീയ ടീം താരമായിരുന്ന ഫിലിപ് കുടീന്യോയുടെ പകരക്കാരനായി വരെ കളത്തിൽ ഇറങ്ങാൻ അവസരം ലഭിച്ച തഹസിൻ പിന്നീട് ടീമിന്റെ പ്രധാന താരമായി. ആ വർഷം ജൂണിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ താരം ഖത്തർ ദേശീയ ടീമിന് വേണ്ടി കളത്തിൽ ഇറങ്ങിയതോടെ ജംഷീദിന്റെ സ്വപ്നം മകനിലൂടെ പൂർത്തിയായി. ശേഷം ഖത്തർ അണ്ടർ 20, 23 വരെ ബൂട്ട് കെട്ടിയ തഹ്സിന്റെ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് ലോകകപ്പ് എന്ന വേദിയിൽ.
2022 ലോകകപ്പിൽ തീർത്തും നിരാശപ്പെടുത്തിയ ഖത്തർ ഇത്തവണ ഇറങ്ങുന്നത് ചരിത്രം സൃഷ്ടിക്കാൻ തന്നെയാണ്. ആ ചരിത്രം സൃഷ്ടിക്കാനായി ഇറങ്ങുന്ന ഖത്തർ കോച്ച് ലോപെറ്റ്ഗുയെയുടെ പ്ലാനിൽ പ്രധാനിയാണ് വിങ്ങുകൾ മാറിമാറി വേഗത്തിൽ കുതിക്കുന്ന തഹസിൻ എന്ന മലയാളി താരം.