ദോഹ– ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഉപയോഗിച്ച പുസ്തകങ്ങൾ കൈമാറുന്നതിനായി വെബ്സൈറ്റ് ഒരുക്കി വിദ്യാർഥി കൂട്ടായ്മ. സ്റ്റുഡൻസ് ഇന്ത്യ ഖത്തറിന്റെയും ഗേൾസ് ഇന്ത്യ ഖത്തറിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാഠപുസ്തകങ്ങൾ കൈമാറാനുള്ള വെബ്സൈറ്റ് തയ്യാറാക്കിയത്. പുതിയ അധ്യാന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ അധ്യായന വർഷത്തിൽ വിദ്യാർത്ഥികൾ ഉപയോഗിച്ച പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കാൻ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കൈമാറുകയാണ് വെബ്സൈറ്റിന്റെ ലക്ഷ്യം. ‘ദോഹ ബുക് ഷെൽഫ്’ എന്ന പേരിലാണ് ഈ പുസ്തകം കൈമാറ്റ പരിപാടി ഈ വർഷം ഒരുക്കിയത്. https://siq.cicqatar.org എന്ന വെബ്സൈറ്റ് വഴിയാണ് പുസ്തകം കൈമാറ്റം നടക്കുന്നത്
ഒരു ക്ലാസിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അവരുടെ പുസ്തകം സംഭാവന നൽകാനും അവർക്ക് ആവശ്യമുള്ള ക്ലാസിലേക്ക് വേണ്ട പുസ്തകങ്ങൾ ശേഖരിക്കാനും വെബ്സൈറ്റിൽ സൗകര്യമുണ്ട്. പുസ്തകം നൽകുന്നവർ അവരുടെ പുസ്തകത്തിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാർ ഈ പുസ്തകങ്ങൾക്കായി റിക്വസ്റ്റ് നൽകുകയും ചെയ്യും. ഈ റിക്വസ്റ്റ് പുസ്തകം സംഭാവന നൽകാൻ അപ്‌ലോഡ് ചെയ്ത ആൾ അപ്പ്രൂവ് ചെയ്യുന്നതോടെ പുസ്തകം ആവശ്യമുള്ള വ്യക്തികൾക്ക് അദ്ദേഹവുമായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാനും പുസ്തകം ശേഖരിക്കാനും സാധിക്കും.
വർഷങ്ങളായി സ്റ്റുഡൻസ് ഇന്ത്യയും ഗേൾസ് ഇന്ത്യയും നടത്തിവരുന്ന പുസ്തക കൈമാറ്റം പരിപാടിയുടെ തുടർച്ചയാണ് ഈ വർഷവും വിപുലമായ തോതിൽ പുസ്തകങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കിയത്. പരിസ്ഥിതി സൗഹൃദമായ വിദ്യാഭ്യാസ സംസ്കാരം വളർത്തിയെടുക്കുകയും വിദ്യാഭ്യാസ ചെലവ് ചുരുക്കുകയും ആണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഖത്തറിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലെയും ഒന്നു മുതൽ പ്ലസ് ടു വരെയുള്ള പുസ്തകങ്ങൾ കൈമാറാൻ ദോഹ ബുക്ക് ഷെൽഫിൽ സൗകര്യമുണ്ട്.



