ദോഹ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ മരണത്തിൽ കലാശിക്കുന്ന ഗുരുതരമായ റോഡപകടങ്ങളിൽ ഖത്തറിൽ വലിയ തോതിലുള്ള കുറവ് രേഖപെടുത്തിയതായി കണക്കുകൾ .ഗുരുതരമായ അപകടങ്ങളുടെ എണ്ണത്തിൽ 32 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയതായി ദേശീയ ആസൂത്രണ കൗൺസിലിൻ്റെ ഡാറ്റകൾ വ്യക്തമാക്കുന്നു .ഖത്തറിൽ റോഡ് സുരക്ഷാ ഉറപ്പ് വരുത്താനുള്ള ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വിഭാഗത്തിന്റെ ശ്രമങ്ങളുടെ വിജയം കൂടിയാണ് ഗുരുതരമായ റോഡപകടങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ്.
ദേശീയ ആസൂത്രണ കൗൺസിലിൻ്റെ കണക്കനുസരിച് ഈ വർഷം ആദ്യ നാല് മാസങ്ങളിൽ മൊത്തം 52 പേർ റോഡപകടങ്ങളിൽ മരിച്ചു, 2022 ൽ ഇതേ കാലയളവിൽ 77 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2022 നെ അപേക്ഷിച്ച് 32.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ആകെ 3,163 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ ഭൂരിഭാഗവും നിസ്സാര സ്വഭാവമുള്ളവയാണ്. 172 വലിയ അപകടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ജനുവരിയിൽ 843 അപകടങ്ങളും ഫെബ്രുവരിയിൽ 754 അപകടങ്ങളും മാർച്ചിലും ഏപ്രിലിലും യഥാക്രമം 804, 762 അപകട കേസുകളും രജിസ്റ്റർ ചെയ്തു. മൊത്തം 52 മരണങ്ങളിൽ 17 എണ്ണം ജനുവരിയിലും 12 ഫെബ്രുവരിയിലും 13 മാർച്ചിലും 10 ഏപ്രിലിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.
2023ൽ ഇതേ കാലയളവിൽ 3,041 റോഡപകടങ്ങൾ ഉണ്ടായി അതിൽ 58 പേരാണ് മരണപ്പെട്ടത് . ആകെയുള്ളവയിൽ 179 എണ്ണം വലിയ അപകടങ്ങളായും ബാക്കിയുള്ളവ ചെറിയ അപകടങ്ങളായുമായിരുന്നു . 2023 ജനുവരിയിൽ 788 അപകടങ്ങൾ ഉണ്ടായി, 668 എണ്ണം 2023 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്തു, യഥാക്രമം 806, 779 എന്നിവ 2023 മാർച്ചിലും ഏപ്രിലിലും രേഖപ്പെടുത്തി. ദേശീയ ആസൂത്രണ കൗൺസിലിൻ്റെ കണക്കനുസരിച്ച് 2022 ജനുവരി-ഏപ്രിൽ കാലയളവിൽ മൊത്തം 2,904 റോഡപകടങ്ങൾ ഉണ്ടായതെങ്കിലും 77 പേർ മരണപ്പെട്ടിരുന്നു . എന്നാൽ രണ്ടു വര്ഷത്തിനടയിൽ വാഹനങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടും മൊത്തം അപകടങ്ങളുടെ എണ്ണത്തിൽ നേരിയ വർദ്ധൻമാത്രമാണ് 2022 നെ അപേക്ഷിച്ച് ഉണ്ടായത് .
വേഗപരിധിയും സീറ്റ് ബെൽറ്റുകളുടെ ഉപയോഗവും മാത്രമല്ല, ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് റോഡ് സുരക്ഷ മെച്ചപ്പെട്ടത് . കൂടാതെ ആധുനികമായ റോഡ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതും വാഹന ഫിറ്റ്നസ് ഉറപ്പാക്കുന്ന വാർഷിക പരിശോധനാ സംവിധാനവും റോഡ് സുരക്ഷ മെച്ചപ്പെടാൻ കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നു.
റോഡ് സുരക്ഷാ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ, രാജ്യത്തുടനീളമുള്ള റോഡുകളിലും കവലകളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലൂടെ ട്രാഫിക് പോലീസ് സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയുടെ ലംഘനങ്ങൾ കണ്ടെത്തുന്നുണ്ട് . എ ഐ ക്യാമറ ഉൾപ്പെടെയുള്ള അത്യധുനിക സംവിധാനങ്ങൾ ഖത്തറിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ട്രാഫിക് വിഭാഗം ഉപയോഗപ്പെടുത്തുന്നുണ്ട് .