ദോഹ – ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി. വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ മധ്യസ്ഥര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇരുപത്തിമൂന്നാമത് ദോഹ ഫോറത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഗാസ മുനമ്പില്‍ നിന്ന് ഇസ്രായില്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങാതെ ഗാസയിലെ വെടിനിര്‍ത്തല്‍ പൂര്‍ത്തിയാകില്ല. ഇപ്പോള്‍ നമ്മള്‍ ഒരു നിര്‍ണായക നിമിഷത്തിലാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടെന്ന് നമുക്ക് കണക്കാക്കാനാവില്ല. ഇസ്രായില്‍ പൂര്‍ണമായും പിന്‍വാങ്ങുകയും ഗാസയില്‍ സ്ഥിരത തിരിച്ചുവരികയും ചെയ്താലേ വെടിനിര്‍ത്തല്‍ പൂര്‍ണമാവുകയുള്ളൂവെന്ന് ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്ന് തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫിദാന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ഇസ്രായിലികളെയും ഫലസ്തീനികളെയും വേര്‍പ്പെടുത്തല്‍ എന്നതായിരിക്കണം സേനയുടെ പ്രധാന ലക്ഷ്യമെന്ന് തുര്‍ക്കി വിദേശ മന്ത്രി ദോഹ ഫോറത്തില്‍ ചൂണ്ടികാണിച്ചു. ഗാസ മുനമ്പില്‍ സമാധാന പദ്ധതി എത്രയും വേഗം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും ഈ മാനുഷിക ദുരന്തം അവസാനിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനും സമാധാന പദ്ധതി നടപ്പാക്കാനും തുര്‍ക്കി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഗാസയില്‍ സമാധാന പദ്ധതി എത്രയും വേഗം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും മാനുഷിക ദുരന്തം അവസാനിപ്പിക്കാനും മേഖലയിലെ ഞങ്ങളുടെ സുഹൃത്തുക്കളുമായും പങ്കാളികളുമായും, അമേരിക്കന്‍, യൂറോപ്യന്‍ സുഹൃത്തുക്കളുമായും കൂടിക്കാഴ്ച നടത്താന്‍ കഴിയുന്നതെല്ലാം തുര്‍ക്കി തുടര്‍ന്നും ചെയ്യുമെന്നും ഹാകാന്‍ ഫിദാന്‍ കൂട്ടിചേർത്തു.
സെപ്റ്റംബര്‍ അവസാനം വൈറ്റ് ഹൗസ് പ്രഖ്യാപിച്ച ഇരുപതിന പദ്ധതിയുടെ ആദ്യ ഘട്ടം ഒക്ടോബര്‍ 10 മുതല്‍ നടപ്പാക്കാന്‍ തുടങ്ങി. ഗാസയില്‍ ജീവനോടെ ശേഷിച്ച ഇസ്രായിലി ബന്ദികളെയും ഇസ്രായിലിലെ രണ്ടായിരത്തോളം ഫലസ്തീന്‍ തടവുകാരെയും ആദ്യ ഘട്ടത്തില്‍ പരസ്പരം കൈമാറി. ഇസ്രായിലി ബന്ദികളുടെയും ഫലസ്തീനുകളുടെയും മൃതദേഹങ്ങളും കൈമാറി. അതേസമയം, ഇന്ന് രാവിലെ മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി അല്‍അഖ്‌സ ടി.വി റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞ രേഖ കടന്ന് ഇസ്രായില്‍ സൈന്യത്തിന് ഭീഷണി ഉയര്‍ത്തിയ ഏതാനും പേര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തതായും ഭീഷണി ഇല്ലാതാക്കാന്‍ സൈന്യം മൂന്ന് പേരെ കൊലപ്പെടുത്തിയതായും ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ അറിയിച്ചു.



