ദോഹ– ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ ഇഫ്താറൂ റഹ്മ കമ്മ്യൂണിറ്റി ഇഫ്താർ’ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. കുടുംബങ്ങൾ ഉൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ഒരുമയുടെയും വേദിയിയായി മാറി.
സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷ പ്രസംഗം നടത്തി. റമദാൻ മുന്നോട്ട് വെക്കുന്ന സന്ദേശം സ്വന്തം ജീവിതത്തിലും സമൂഹത്തിലും പകർത്താൻ നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുമയും സ്നേഹവും ഐക്യവും നിലനിർത്താൻ ഇത്തരം ഇഫ്താർ ഒത്തുചേരലുകൾ കൊണ്ട് സാധിക്കും. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിംഗ് ഡയറക്ടറൂം സി ഐ സി മുൻ പ്രസിഡന്റുമായ കെ.സി. അബ്ദുൽ ലത്തീഫ് റമദാൻ സന്ദേശം നൽകി. റമദാൻ നൽകുന്ന സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും സന്ദേശം അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു.
ഖത്തർ ചാരിറ്റി പ്രതിനിധി മുഹമ്മദ് ഹാമിദ് ചടങ്ങിൽ വിശിഷ്ടാതിഥിയായി സംബന്ധിക്കുകയും പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഖത്തർ ചാരിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് ( സുന്ദൂഖുൽ ജാലിയ) കളക്ഷന് സി ഐ സി കേന്ദ്ര സമിതി അംഗം സുഹൈൽ ശാന്തപുരം നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രാർത്ഥനക്ക് ഡോ. ഇല്യാസ് മൗലവി നേതൃത്വം നൽകി. ഐ സി സി പ്രസിഡന്റ് എ. പി മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ, ഐ സി ബി എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ. സി. സി. സെക്രട്ടറി പ്രദീപ് പിള്ള, സന്തോഷ് ടി. വി ( റീജനൽ ഹെഡ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ), പി. എൻ ബാബുരാജൻ, ഇൻകാസ് പ്രസിഡന്റ് സിദീഖ് പുറായിൽ, ഹൈദർ ചുങ്കത്തറ, ജോപ്പച്ചൻ തെക്കെക്കൂറ്റ് ജ്യൂട്ടാസ് പോൾ, മുജീബ്റഹ്മാൻ മദനി , തുടങ്ങി ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടന പ്രതിനിധികളും പൗരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. സി ഐ സി ജനറൽ സെക്രട്ടറി അർഷദ് ഇ സ്വാഗതമാശംസിച്ചു. അബ്ദു റഹീം ഖുർആൻ പാരായണം നടത്തി.



