ദോഹ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ-ഖത്തർ (മെജസ്റ്റിക് മലപ്പുറം)യുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ രൂപീകരണ ദിനം വിപുലമായി ആഘോഷിച്ചു. ഐ.സി.സി.യിൽ സംഘടിപ്പിച്ച പരിപാടി അസോസിയേഷൻ ചെയർമാൻ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചരിത്രപരവും സാമൂഹികവുമായ വളർച്ചയെ അനുസ്മരിച്ചുകൊണ്ട് ഉപദേശക സമിതി അംഗം ഹുസൈൻ കടന്നമണ്ണ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറത്തിന്റെ സാംസ്കാരിക പാരമ്പര്യവും വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ മുന്നേറ്റങ്ങളും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ഹൈദർ ചുങ്കത്തറ, അബ്ദു റഹൂഫ് കൊണ്ടോട്ടി, കോയ കൊണ്ടോട്ടി, ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ എന്നിവർ ആശംസകൾ നേർന്നു. ആര്യ പ്രദീപ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ശീതൾ പ്രശാന്ത് നന്ദി രേഖപ്പെടുത്തി. മലപ്പുറത്തിന്റെ പൈതൃകവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും പ്രതിഫലിപ്പിച്ച പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.



