ദോഹ– ടൂറിസം മേഖലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി ഖത്തർ. 2025 ലെ ആദ്യ പകുതിയിൽ തന്നെ 2.6 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരാണ് ഖത്തറിലെത്തിയത്. കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 3% വർധനവാണ് ഉണ്ടായത്. ഖത്തർ ടൂറിസത്തിന്റെ പ്രമോഷണൽ വിഭാഗമായ വിസിറ്റ് ഖത്തർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാദേശിക യാത്രകൾ ഉയർച്ചയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ജിസിസി രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ഉള്ളത്. 36 ശതമാനം സന്ദർശകരും ജിസിസി രാജ്യങ്ങളിൽ നിന്നാണ്. 26 ശതമാനം സന്ദർശകർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്ന് 22 ശതമാനവുമാണ് യാത്രക്കാർ. അമേരിക്കയിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർ 7% വീതമാണ്.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സഹകരണം വർധിപ്പിക്കുമെന്നും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുമെന്നും ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി പ്രസ്താവനയിൽ പറഞ്ഞു. പ്രധാന ആഗോള വേദികളിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.