അബൂദാബി– മുഖ്യമന്ത്രി പിണറായി വിജയന് അബൂദാബിയിലെ മലയാളി സമൂഹം നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 9ന് അബൂദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനത്താണ് പരിപാടി. യുഎഇ ക്യാബിനറ്റ് അംഗവും മന്ത്രിയുമായ ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ ഉദ്‌ഘാടനം ചെയ്യും.
മുഖ്യാതിഥി ഇന്ത്യൻ അംബാസഡർ ദീപക് മിറ്റാൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ജയതിലക്, എം എ യൂസഫലി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് ‘മലയാളോത്സവം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മലയാളം മിഷൻ, ലോക കേരള സഭ, അബുദാബിയിലെയും അൽ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്.
വൈകിട്ട് 6 മണി മുതൽ തുടങ്ങുന്ന പരിപാടിയിൽ, കേരളത്തനിമയും അറബ് സംസ്കൃതിയും സമന്വയിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
പരിപാടിയിൽ പങ്കെടുക്കാൻ അബൂദാബി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ, ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻനായർ, അബൂദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, മലയാളംമിഷൻ അബൂദാബി ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, സംഘാടക സമിതി വൈസ് ചെയർമാൻ ഇ. കെ. സലാം, കോർഡിനേറ്റർ വി. പി. കൃഷ്ണകുമാർ, രക്ഷാധികാരികളായി റോയ് ഐ വർഗ്ഗീസ്, പി വി പത്മനാഭൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



