ഇന്ന് അന്തരിച്ച ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുമായുള്ള കൂടിക്കാഴ്ച ഓർത്തെടുത്ത് മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല. അമീറുമായി കൂടിക്കാഴ്ചക്ക് ലഭിച്ച അവസരം ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. 2005ൽ ഖത്തർ അമീറിന്റെ ഇന്ത്യൻ സന്ദർശന വേളയിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ അബ്ദുൽ കലാം, രാഷ്‌ട്രപതി ഭവനിൽ അമീറിനൊരുക്കിയ വിരുന്ന് സൽക്കാരത്തിൽ വെച്ചാണ് അമീറുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. ഖത്തർ കെ.എം.സി.സിയെ പ്രതിനിധീകരിച്ച് രാഷ്ട്രപതിയുടെ ഓദ്യോഗിക ക്ഷണിതാവായിട്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്നും പാറക്കൽ അബ്ദുല്ല ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അമീറും രാഷ്ട്രപതിയും ചേർന്ന് അതിഥികളെ ഓരോരുത്തരായി പരിചയപ്പെടുന്ന സമയം. മൈക്കിലൂടെ ഓരോരുത്തരെയും അവരുടെ പേരും സ്ഥാനവും അനൗൺസ് ചെയ്തതിന് ശേഷമാണ് രാഷ്ട്രത്തലവന്മാർക്ക് കൈ കൊടുക്കാനുള്ള അവസരം ലഭിക്കുക. അങ്ങനെയിരിക്കെ മൈക്കിലൂടെ എന്റെ പേര് വിളിച്ചു, “ശ്രീ. പാറക്കൽ അബ്ദുല്ല, ഖത്തർ കെ.എം.സി.സി..”
ഖത്തർ എന്ന് കേട്ടതും അമീർ എനിക്ക് തന്ന കൈ വിടാതെ എന്നോട് കൂടുതൽ വിശേഷങ്ങൾ തിരക്കി. ഇരുപത്തിയഞ്ച് വർഷമായി ഖത്തറിലുള്ള സംരംഭകനാണെന്നും കൂട്ടത്തിൽ വെസ്റ്റ് ബേയിലുള്ള പെട്രോ സ്റ്റേഷനെ കുറിച്ചെല്ലാം അമീറുമായി സംസാരിച്ചു. അന്നേരം അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു, ആ പെട്രോ സ്റ്റേഷൻ ആരുടേതാണ് എന്നറിയുമോ എന്ന്. ഞാൻ മറുപടി നൽകിയപ്പോൾ അദ്ദേഹം പറഞ്ഞു. അതെന്റെ പിതാവിന്റെ ജേഷ്ഠനാണ്.
അന്നങ്ങനെ വിശേഷം പങ്കിട്ട് പിരിഞ്ഞ ശേഷം തൊട്ടടുത്ത ദിവസം മൗര്യ ഹോട്ടലിൽ വെച്ച് അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറുമായി നടത്തിയ ചർച്ചയിലും പങ്കെടുക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അന്നേരം മുഖ്യമന്ത്രിക്കും ഇ. അഹമ്മദ് സാഹിബിനും ഡോ. മോഹൻ തോമസിനുമെല്ലാം പിറകിൽ നിൽക്കുകയായിരുന്ന എന്നെ കണ്ട നിമിഷം, അമീർ കൈ ഉയർത്തി അദ്ദേഹത്തിന്റെ അരികിലേക്ക് വിളിച്ചു. “അബ്ദുല്ല, അബ്ദുല്ല..”
കഴിഞ്ഞ ദിവസം പരിചയപ്പെട്ട അനേകം ഉന്നത വ്യക്തിത്വങ്ങളിൽ നിന്ന് അത്ര “പ്രമുഖ”നല്ലാത്ത എന്നെ ഓർത്തെടുത്ത അമീറിനോട് ആദരവും ആശ്ചര്യവും തോന്നി. അടുത്തെത്തിയപ്പോൾ എന്നോട് മലയാളത്തിൽ “സുഖമല്ലേ..” എന്ന് അമീർ ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഖത്തറിലെ മലയാളി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
പ്രിയപ്പെട്ട അമീറിന് യാത്രാമൊഴികൾ..
ഖത്തർ മുൻ അമീർ (പിതാവ് അമീർ) ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി വിട വാങ്ങിയ വാർത്ത അത്യന്തം ദുഃഖത്തോടെയാണ് അറിഞ്ഞത്. ആധുനിക ഖത്തറിനെ പടുത്തുയർത്തിയ, ആഗോളതലത്തിൽ ഖത്തറിന് മേൽവിലാസം പകർന്ന അസാമാന്യ ഭരണാധികാരിയായിരുന്നു ഫാദർ അമീർ.



