ദുല്‍ഹജ് പത്തിന് മുസ്ദലിഫയില്‍ നിന്ന് മിനായിലേക്കുള്ള യാത്രക്ക് 3,49,000 ലേറെ തീര്‍ഥാടകര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയ വക്താവ് സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു. ദുല്‍ഹജ് ഒമ്പതിന് അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് 2,94,000 ലേറെ ഹാജിമാരും മശാഇര്‍ മെട്രോ സര്‍വീസുകള്‍ ഉപയോഗിച്ചതായി സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു.
മക്ക – വിശുദ്ധ കഅബാലയത്തിന് ചുറ്റുമുള്ള മതാഫിനെ വര്‍ണാലംകൃതമാക്കി ഹാജിമാരുടെ വര്‍ണ കുടകള്‍. പല നിറങ്ങളിലുള്ള കുടകള്‍ മനോഹരമായ ആത്മീയ രംഗത്തെ വര്‍ണാഭമാക്കി. വെയിലില്‍ നിന്ന് സംരക്ഷിക്കാന്‍ തീര്‍ഥാടകര്‍ ഉയര്‍ത്തിയ കുടകളുടെ നിറങ്ങള്‍ കൊണ്ട് മതാഫ് അലംകൃതമായി. ഹൃദയങ്ങളുടെ ഐക്യത്തെയും വംശീയ വൈവിധ്യത്തെയും പ്രതിഫലിപ്പിച്ച് വെളിച്ചവും നിഴലും ഇടകലര്‍ന്ന ഊര്‍ജസ്വലമായ ദൃശ്യം ഇത് സൃഷ്ടിച്ചു.