ലോക രാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ സൗദി അറേബ്യ ഇത്തവണ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ കൂടുതലായി അവലംബിക്കുന്നു. ഹാജിമാര്‍ക്ക് ആത്മീയ യാത്രയില്‍ മികച്ച സേവനങ്ങള്‍ നല്‍കാന്‍ കൃത്രിമബുദ്ധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന നിരവധി സംരംഭങ്ങള്‍ നടപ്പാക്കുന്നുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍, ആധുനിക സാങ്കേതികവിദ്യകളോടെ സജ്ജീകരിച്ച ക്യാമറകള്‍ ഉപയോഗിച്ച് ശരീരഭാഷ വിശകലനം ചെയ്തുകൊണ്ട് തീര്‍ഥാടക സംതൃപ്തി അളക്കല്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. അന്വേഷണങ്ങള്‍ക്ക് മറുപടികള്‍ നല്‍കാന്‍ ഇന്ററാക്ടീവ് സ്‌ക്രീനുകളും റോബോട്ടുകളും ഉപയോഗപ്പെടുത്തുന്നു.
ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 16 ഹാജിമാര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 തീര്‍ഥാടകര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ നടത്തി. ഹാജിമാര്‍ക്ക് 1,02,000 ലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കി.