കുവൈത്ത് സിറ്റി: കുവൈത്തില്‍ അടിമുടി മാറ്റങ്ങളോടെ പുതിയ ട്രാഫിക് നിയമം വരുന്നു. പ്രവാസികള്‍ക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തിയും ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ 750 ശതമാനം വരെ കുത്തനെ ഉയര്‍ത്തിയും നിരവധി പരിഷ്‌കാരങ്ങളാണ് കരട് നിയമത്തിലുള്ളത്. കഴിഞ്ഞയാഴ്ചയാണ് കരട് നിയമം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചത്. ഇതിപ്പോള്‍ ജുഡീഷ്യല്‍ പരിശോധനകളിലാണ്. പുതിയ നിമയത്തിന് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാബ് അന്തിമ അനുമതി നല്‍കുന്നതോടെ പ്രാബല്യത്തിലാകും.
“ഇപ്പോഴത്തെ ട്രാഫിക് നിയമം 1979 മുതല്‍ നിലവിലുള്ളതാണ്. നിയമലംഘനങ്ങൾ തടയാന്‍ ഇത് അപര്യാപ്തമാണ്. പിഴകളും വളരെ കുറവാണ്. കുവൈത്തില്‍ ദിവസവും ശരാശരി 300 വാഹനാപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങും, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമാണ്,” ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഓപറേഷന്‍സ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യുസുഫ് അല്‍ ഖദ്ദ പറഞ്ഞു. കുവൈത്തില്‍ 19 ലക്ഷം ലൈസന്‍സുകളും 15 ലക്ഷം വാഹനങ്ങളുമാണുള്ളത്. വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയും പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
നിയമ ലംഘത്തിനുള്ള പിഴകള്‍ അറിയാം
പുതിയ കരട് നിയമത്തില്‍ പിഴകളെല്ലാം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാലുള്ള പിഴ അഞ്ച് കുവൈത്തി ദിനാറില്‍ നിന്നും 75 ദിനാറാക്കി ഉയര്‍ത്തി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തിനുള്ള പിഴ 10 ദിനാറില്‍ നിന്നും 30 ദിനാറാക്കി വര്‍ധിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിങ്ങിനുള്ള പിഴ 30 ദിനാറില്‍ നിന്നും 150 ദിനാറാക്കിയും ഉയര്‍ത്തി. പൊതു റോഡുകളില്‍ റേസിങ് നടത്തിയാല്‍ 150 ദിനാറാണ് പിഴ. നിലവില്‍ ഇത് 50 ദിനാറാണ്.
ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കുള്ള പിഴ 10 ദിനാറില്‍ നിന്നും 75 ദിനാറാക്കയിയും ഉയര്‍ത്തി. ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവച്ച പാര്‍ക്കിങ് സ്‌പേസില്‍ മറ്റുള്ളവര്‍ കാര്‍ പാര്‍ക്ക് ചെയ്താല്‍ പുതിയ പിഴ 50 ദിനാറാണ്. ഇപ്പോളിത് 20 ദിനാര്‍ ആണ്. അമിത വേഗതയ്ക്കുള്ള പിഴ 70 മുതല്‍ 150 വരെ ദിനാറായും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇത് 20 മുതല്‍ 50 ദിനാര്‍ വരെയാണ്.
ലഹരിയുടെ സ്വാധീനത്തിൽ വാഹനം തൊട്ടാല്‍ ശിക്ഷ
മോശം ഡ്രൈവിങ് പെരുമാറ്റങ്ങള്‍ക്ക് മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് പുതിയ നിയമ പ്രകാരം പിഴയും ശിക്ഷയും ചുമത്തുക. ആദ്യ വിഭാഗം ലഹരിയുടെ സ്വാധീനത്തിലിരിക്കെ ഡ്രൈവ് ചെയ്യുകയോ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള പിഴയാണ്. ഇത് കണ്ടെത്തിയാല്‍ പരമാവധി പിഴ 3000 ദിനാര്‍ ആണ്. നിലവില്‍ ഇത് 1000 ദിനാറാണ്. കൂടാതെ രണ്ടു വര്‍ഷം വരെ തടവും ലഭിക്കും.
രണ്ടാമത്തെ വിഭാഗം ലഹരിയില്‍ വാഹനമോടിച്ച് പൊതു, സ്വകാര്യ സ്വത്തുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്ന കുറ്റമാണ്. ഇതിനുള്ള പിഴ 2000 ദിനാര്‍ മുതല്‍ 3000 ദിനാര്‍ വരെ വരും. രണ്ടു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും.
മൂന്നാമത്തെ വിഭാഗം ലഹരിയില്‍ വാഹനമോടിച്ച് പരിക്കിനോ മരണത്തിനോ കാരണമാകുന്നവരാണ്. ഇവര്‍ക്കുള്ള പിഴ 2000 ദിനാര്‍ മുതല്‍ 5000 ദിനാര്‍ വരേയാണ്. രണ്ടു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും.
വാഹനം കണ്ടുകെട്ടും, വീട്ടു തടങ്കലിലാക്കും
അതിമ വേഗത, ലഹരിയില്‍ വാഹനമോടിക്കുക, റേസിങ് നടത്തുക, അശ്രദ്ധമായ ഡ്രൈവിങ്, ലൈസന്‍സില്ലാത്ത വാഹനം ഉപയോഗിക്കല്‍, വിപരീത ദിശയില്‍ നിയമം ലംഘിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം വാഹനങ്ങള്‍ കണ്ടുകെട്ടാനും പുതിയ കരട് നിയമം അനുശാസിക്കുന്നു. കൂടാതെ നിയമ ലംഘകര്‍ക്കുള്ള ശിക്ഷയായി ദിവസം എട്ട് മണിക്കൂര്‍ എന്ന തോതില്‍ ഒരു വര്‍ഷം വരെ നീളുന്ന നിര്‍ബന്ധ സാമുഹ്യ സേവനം, പുനരധിവാസ, ബോധവല്‍ക്കരണ പരിപാടികളിലെ നിര്‍ബന്ധ പങ്കാളിത്തം എന്നിവയും പുതിയ നിമയത്തിലുണ്ട്. വാഹനം കൊണ്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കുറ്റക്കാരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാനും നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ കാലാവധി തീരുന്നതു വരെ വാഹനം വീട്ടുതടങ്കലിലാക്കാനും പുതിയ നിയമത്തില്‍ വകുപ്പുകളുണ്ട്.
അന്തിമ അനുമതി ലഭിക്കുന്നതോടെ പുതിയ നിയമം സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും. പിന്നീട് മുന്ന് മാസം ബോധവല്‍ക്കരത്തിനുള്ള സമയമാണ്. ശേഷം നിയമം പ്രാബല്യത്തില്‍ വരും.