മസ്കത്ത്– ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്കയുടെ എണ്ണക്കപ്പല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് വന്‍ അഗ്നിബാധ. പ്രാദേശിക സമയം പുലര്‍ച്ചെ 1.40നാണ് അപകടമുണ്ടായത്. അമേരിക്കന്‍ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിള്‍ ആന്റിഗ ആന്റ് ബര്‍ഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. യു.എ.ഇ ഖോര്ഫക്കാന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. അഡലിന്‍ കപ്പലില്‍ നിന്ന് 24 നാവികരെ രക്ഷപ്പെടുത്തിയതായി യു.എ.ഇ അധികൃതര്‍ അറിയിച്ചു. അമേരിക്കല്‍ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇറാഖിലെ ബസറ ഓയില്‍ ടെര്‍മിനലില്‍ നിന്നും ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാന്‍ തുറമുഖത്തേക്ക് അതിവേഗതയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഫ്രണ്ട് ഈഗിള്‍ അപകടത്തില്‍ പെട്ടത്. 12.8 നോട്ടിക്കല്‍ വേഗത്തില്‍ നേര്‍ദിശയില്‍ തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പല്‍ വെട്ടിത്തിരിയുകയും ചെയ്തു. ഖോര്‍ഫക്കാനില്‍ നിന്ന് സൂയസ് കനാല്‍ ലക്ഷ്യമാക്കി നീങ്ങിയ അഡലിനിലെ നാവികര്‍ തൊട്ടുമുന്നിലെത്തിയ ശേഷമാണ് ഭീമന് ടാങ്കര്‍ കണ്ടത്.
ഇസ്രായില്‍-ഇറാന് യുദ്ധത്തിന്റെ ഭാഗമായി കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. അമേരിക്കന്‍ കപ്പലിലെ എഞ്ചിന് തകരാറോ നാവിഗേഷന്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ദര്‍ പറയുന്നു. കപ്പലിലെ തീപടരുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.