മസ്കത്ത്- പെരുന്നാൾ ദിനത്തിൽ കേട്ട ദുരന്തവിവരത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകത്ത് അടക്കമുള്ള മലയാളികൾ. ഒമാനിൽനിന്ന് ഉംറക്കായി വരുന്നതിനിടെ വാഹനം അപകടത്തിൽ പെട്ട് രണ്ടു കുട്ടികളടക്കം മൂന്നു പേർ മരിച്ചുവെന്ന വിവരം അറിയുന്നത് ഗൾഫ് ലോകം പെരുന്നാൾ ആഘോഷത്തിന്റെ നിറവിലിരിക്കെയായിരുന്നു.
ഒമാൻ-സൗദി അതിർത്തിയായ ബത്തയിലാണ് കണ്ണൂർ, കോഴിക്കോട് സ്വദേശികളുടെ കുടുംബം അപകടത്തിൽ പെട്ടത്. രണ്ടു കുട്ടികളടക്കം മൂന്നു പേർ അപകടത്തിൽ മരിച്ചു. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ശിഹാബിന്റെ ഭാര്യ സഹ്‌ല, മകൾ ആലിയ എന്നിവരും മിസ്അബിന്റെ മകൻ ദക്‌വാനും അപകടത്തിൽ മരിച്ചു.
ഇന്ന് രാവിലെ എട്ടരക്കായിരുന്നു അപകടം. കുട്ടികളുടെ മൃതദേഹങ്ങൾ ബത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. മിസ്അബിന്റെ ഭാര്യ ഹഫീന സാരമായ പരിക്കുകളോടെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിലെ ആശുപത്രിയിലാണ്. മിസഅബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ദാർസൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് മരിച്ച സക്‌വാൻ ഇബ്നു മിസ്ഹാബ് (കെജി II), ഫാത്തിമ ആലിയ ബിൻത് ഷിഹാബും(ക്ലാസ് I). ഇരുവരുടെയും വിയോഗത്തിൽ സ്കൂൾ അധികൃതർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സങ്കൽപ്പിക്കാനാവാത്ത പ്രയാസകരമായ ഈ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും മരിച്ചവരുടെ പ്രിയപ്പെട്ടവർക്ക് ഈ ദുഃഖസമയത്ത് ശക്തിയും ആശ്വാസവും ലഭിക്കട്ടെയെന്നും സ്കൂൾ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.