മസ്‌കത്ത് : രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി ഒമാനില്‍ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ ആല്‍വിന്‍ കുര്യാക്കോസ് (19) ആണ് മരിച്ചത്. വി എം കുര്യാക്കോസ്, സിനോബി ഉലഹന്നാന്‍ ദമ്പതികളുടെ മകനാണ്. മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. സീബിലായിരുന്നു താമസം. അലന്‍ കുര്യാക്കോസ് ആണ് സഹോദരന്‍.
ഒമാനിലെ അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. പരിമിതികളിലും പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന ആല്‍വിന്റെ അകാലത്തിലുള്ള വിയോഗം പ്രിയപ്പെട്ടവര്‍ക്ക് നൊമ്പരമായി മാറി. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് കരസ്ഥമാക്കിയ മിടുക്കന്‍ കൂടിയായിരുന്നു ആല്‍വിന്‍. മെഡിക്കല്‍ പ്രവേശനം ലഭിച്ചിരുന്നെങ്കിലും പരിചരണവും ചികിത്സയും ആവശ്യമായിരുന്നതിനാല്‍ ഒമാനില്‍ തന്നെ തുടരുകായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മാതൃ ഇടവകയായ കങ്ങഴ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



