സലാല: ഒമാനിലെ ദോഫാര്‍ പ്രവിശ്യയിലെ അല്‍ മസ്‌യൂനയില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്കേറ്റു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാര്‍ ആണ് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ മസ്‌യൂനയിലാണ് ലക്ഷ്മി ജോലി ചെയ്യുന്നത്.
ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. താമസ സ്ഥലത്തിനടുത്ത് റോഡരികിലെ മാന്‍ഹോളില്‍ വീണതായാണ് വിവരം. മാലിന്യം ഉപേക്ഷിക്കുന്നതിന് പൊതുസ്ഥലത്തെ വേസ്റ്റ് ബിന്നിന് അരികിലേക്ക് നടക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ഇപ്പോള്‍ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. അപകടത്തെ തുടര്‍ന്ന് ഭര്‍ത്താവും കുഞ്ഞും ഒമാനിലെത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ലക്ഷ്മി ഒമാനില്‍ നഴ്‌സായി എത്തിയത്.