മസ്കത്ത്– വേനലവധിയുടെ വിശ്രമത്തിന് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോയിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ മടക്കം ആരംഭിച്ചിരിക്കുകയാണ്.
ഇന്ത്യൻ സ്‌കൂൾ ഗുബ്ര ആദ്യമായി ഗേറ്റുകൾ തുറന്നുവെങ്കിൽ, മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ തിങ്കളാഴ്ചയും ദാസായിത്ത് സ്‌കൂൾ ചൊവ്വാഴ്ചയും പ്രവർത്തനം ആരംഭിക്കും. അടുത്ത ആഴ്ചയോടെ ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ക്ലാസ്സുകൾ സജ്ജമാകും.
നിലവിൽ ഒമാനിലെ കാലാവസ്ഥ വലിയ മാറ്റമില്ലാതെ തുടരുകയാണ്. പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ നേരത്തേ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയിരുന്നു. അതിന്റെ തുടർച്ചയായി ഇപ്പോഴും ചില ക്രമീകരണങ്ങൾ നിലനിൽക്കും.
സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനൊപ്പം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. വിവിധ കലാപരിപാടികൾക്കും മാർച്ചുകൾക്കും വേണ്ടി പരിശീലനം അടുത്ത ദിവസങ്ങളിൽ തുടങ്ങും. പഠനത്തിനൊപ്പം കലാവേദികളിലും കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിക്കാനാണ് തയ്യാറെടുക്കുന്നത്.
അടുത്തുവന്ന സ്‌കൂൾ കാലയളവിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ വ്യാപാര മേഖലയും പുത്തൻ ഉണർവിലാണ്. “ബാക്ക് ടു സ്കൂൾ” എന്ന പേരിൽ വലിയ ഓഫറുകളാണ് മാളുകളിലും സ്റ്റേഷനറികളിലും വസ്ത്ര വ്യാപാര കേന്ദ്രങ്ങൾളിലുമുള്ളത്. സ്‌കൂൾ ബാഗുകൾ, സ്റ്റേഷനറി, യൂണിഫോം, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ തുടങ്ങി കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിപണി തകൃതിയായാണ് നടക്കുന്നത്.