ദുബായ്- യു.എ.ഇയുടെ സ്മാരക തപാൽ സ്റ്റാമ്പുകളിൽ സ്വന്തം ഡിസൈനുകളിലൂടെ ഇടം നേടിയ മലയാളി ഡിസൈനർ മുഹമ്മദ് ബിലാലിനെ ദുബായിലെ വാക്കിതൾ കൂട്ടായ്മ ആദരിച്ചു.
ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിലെ സീനിയർ ഡിസൈനറായ 28കാരനായ മുഹമ്മദ് ബിലാൽ രൂപകൽപ്പന ചെയ്ത എട്ട് ഡിസൈനുകളിൽ ആറെണ്ണമാണ് യ.ുഎ.ഇ തപാൽ സേവനദാതാക്കളായ എമിറേറ്റ്‌സ് പോസ്റ്റ് സ്മാരക സ്റ്റാമ്പുകളായി പുറത്തിറക്കിയത്. ഷാർജ ഹെറിറ്റേജ് ഡെയ്സിൻറെ 23-ാമത് പതിപ്പിന്റെ ഭാഗമായി പുറത്തിറക്കിയ സ്റ്റാമ്പുകളിലാണ് ബിലാലിന്റെ സൃഷ്ടികൾ ഉൾപ്പെടുത്തിയത്.
‘ദി ഗ്ലോ ഓഫ് ഓതെൻറിസിറ്റി’ -എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഷാർജയുടെ പൈതൃകവും തനത് ദൃശ്യസ്വത്വവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഡിസൈനുകൾ ഒരുക്കിയത്.
ബിലാലിന് ബഷീർ പാൻ ഗൾഫ് ഉപഹാരം സമ്മാനിച്ചു. തന്റെ എട്ട് ഡിസൈനുകളിൽ ആറെണ്ണം തപാൽ സ്റ്റാമ്പുകളായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഹമ്മദ് ബിലാൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







