കുവൈത്ത് സിറ്റി: വീട് ഇൻഡോർ കഞ്ചാവ് കൃഷി കേന്ദ്രമാക്കി മാറ്റിയ കേസിൽ കുവൈത്തി പൗരനെ അധികൃതർ അറസ്റ്റ് ചെയ്തു. ആറ് കിലോഗ്രാം കഞ്ചാവും ഹഷീഷും മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച വൻതുകയും പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.
കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ നാർക്കോട്ടിക്സ് കൺട്രോളിനു കീഴിലെ ഇന്റർനാഷണൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലൂടെയാണ് ദോഹ പ്രദേശത്തെ വീടിനകത്ത് കഞ്ചാവ് കൃഷി ചെയ്യുന്നതായി കണ്ടെത്തിയത്. നിയമപരമായ അനുമതി നേടി ഉദ്യോഗസ്ഥർ വീട് റെയ്ഡ് ചെയ്താണ് പ്രതിയെ പിടികൂടിയത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ വിതരണത്തിനായി തയ്യാറാക്കിയ ആറ് കിലോഗ്രാം കഞ്ചാവും ഏകദേശം 250 ഗ്രാം ഹഷീഷും കഞ്ചാവ് കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ചതായി സംശയിക്കുന്ന 17,820 കുവൈത്തി ദീനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കുള്ളിലെ കൃഷിയും ഉൽപാദനവും അടക്കം മയക്കുമരുന്ന് കടത്ത് ചെറുക്കാനുള്ള ശക്തമായ നടപടികൾ തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.







