റിയാദ്– റിയാദിൽ നിന്നും പുറപ്പെട്ട ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനി തമീം – മക്ക റോഡിലെ മഹ്‌ലൂമിയ എന്ന സ്ഥലത്ത് വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ അപകടം.
ഹോത്ത ബനീ തമീമിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ പുറപ്പെട്ട ബസ്, യാത്രാമധ്യേ ബ്രേക്ക് തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനുശേഷം യാത്ര തുടരുന്നതിനിടെ മഹ്‌ലുമിയയിൽ വെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ബസിന്റെ മുകൾഭാഗം തകർന്നുമാറുകയും ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്‌മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു. പത്തനാപുരം സ്വദേശിനിയായ ഷീബ വർഷങ്ങളായി ഭർത്താവിനൊപ്പം ഹോത്ത ബനി തമീമിൽ താമസിച്ചുവരികയായിരുന്നു.
അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. വിജനമായ സ്ഥലത്താണ് അപകടം നടന്നതെങ്കിലും വിവരമറിഞ്ഞ ഉടൻ പൊലീസും റെഡ് ക്രസന്റും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.



