ഷാര്‍ജ– കൊല്ലം തേവലക്കര സ്വദേശിയായ മലയാളി യുവതിയെ ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ അതുല്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോള പാര്‍ക്കിനു സമീപത്തെ ഫ്‌ളാറ്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ദുബൈ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ഒരു വര്‍ഷമായി അതുല്യ ഷാര്‍ജയില്‍ താമസിക്കുന്നുണ്ട്. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിക്ക് പ്രവേശിക്കേണ്ടതായിരുന്നു.
അതുല്യയുടെ സഹോദരി അഖിലയും ഷാര്‍ജ റോളയില്‍ തൊട്ടടുത്തായാണ് താമസിക്കുന്നത്. ചേച്ചി കടുത്ത മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും തന്നോട് പലപ്പോഴായി പറയാറുണ്ടെന്നും സഹോദരി അഖില പറഞ്ഞു. അച്ഛന്‍: രാജശേഖരന്‍, അമ്മ: തുളസീഭായി. ഏക മകള്‍ ആരാധ്യ നാട്ടില്‍ പഠിക്കുന്നു.