കുവൈത്ത് സിറ്റി – കുവൈത്തിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ജസീറ എയര്‍വെയ്‌സ് കോഴിക്കോട്, കണ്ണൂര്‍, തിരുച്ചിറപ്പള്ളി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് അടുത്തയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. സൗദിയിലെ ദമാം വഴിയാണ് കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ജസീറ എയര്‍വെയ്‌സ് നാലു നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തുന്നത്. ഏപ്രില്‍ എട്ടു മുതല്‍ ഞായര്‍, ബുധന്‍ ദിവസങ്ങളിലായി പ്രതിവാരം രണ്ടു സര്‍വീസുകള്‍ വീതമാണ് കോഴിക്കോട്ടേക്ക് നടത്തുകയെന്ന് ജസീറ എയര്‍വെയ്‌സ് സി.ഇ.ഒ ഭരതന്‍ പശുപതി പറഞ്ഞു. ഏപ്രില്‍ ഏഴു മുതല്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലായി പ്രതിവാരം രണ്ടു സര്‍വീസുകള്‍ വീതം തിരുച്ചിറപ്പള്ളിയിലേക്ക് നടത്തും. ഏപ്രില്‍ ഒമ്പതു മുതല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലായി പ്രതിവാരം രണ്ടു സര്‍വീസുകള്‍ വീതം മംഗലാപുരത്തേക്കും നടത്തും. കണ്ണൂര്‍ സര്‍വീസുകള്‍ ഏപ്രില്‍ 14 ന് ആണ് ആരംഭിക്കുക. ചൊവ്വ, വെള്ളി ദിവസങ്ങളിലായി പ്രതിവാരം രണ്ടു സര്‍വീസുകള്‍ വീതമാണ് കണ്ണൂരിലേക്കുണ്ടാവുക.
മാര്‍ച്ച് 20 ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ച ശേഷം 11,000 ലേറെ യാത്രക്കാരെ ജസീറ എയര്‍വെയ്‌സ് നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വിപുലീകരിക്കുന്നത് ദക്ഷിണേന്ത്യക്കാരായ യാത്രക്കാരെ തങ്ങളുടെ മാതൃനഗരങ്ങളുമായി കൂടുതല്‍ അടുപ്പിക്കും. പുതുതായി നാലു നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതോടെ ജസീറ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ നഗരങ്ങളുടെ എണ്ണം 12 ആയി ഉയരും. നിലവില്‍ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ന്യൂഡെല്‍ഹി, ഹൈദരാബാദ്, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കമ്പനി സര്‍വീസ് നടത്തുന്നുണ്ടെന്ന് ഭരതന്‍ പശുപതി പറഞ്ഞു.



