കുവൈത്ത്– കുവൈത്തിലെ 2025-27 വിദ്യാഭ്യാസ പരിഷ്കരണ പദ്ധതി 60 ശതമാനത്തിലധികം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം. പ്രധാനമന്ത്രി അമീർ ശൈഖ് അഹ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്താബായിയാണ് ഇക്കാര്യം അറിയിച്ചത്. ഭരണനിർവഹണം, സാമ്പത്തികം, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസ വികസനം, ഡിജിറ്റൽ പരിവർത്തനം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ തുടങ്ങിയ മേഖലകളിലെ പരിഷ്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് ഒരു ഓഫീസ് നിർമിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇത് വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്ന ഒരു പഠന അന്തരീക്ഷം നൽകാനുമുള്ള ഒരു പ്ലാറ്റ്ഫോം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസിലെ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ എന്നിവ ചേർക്കാനും പദ്ധതിയുണ്ട്. കുട്ടികളോടുള്ള അധ്യാപകരുടെ സമീപനത്തിലും മാറ്റം കൊണ്ട് വരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന പാഠ്യപദ്ധതിക്കായി 88 പാഠപുസ്തകങ്ങൾ പൂർത്തിയാക്കിയതായി ഈ ആഴ്ച ആദ്യം മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഭാരം കുറയ്ക്കുന്നതിനായി 2025-2026 അധ്യയന വർഷത്തിൽ പാഠപുസ്തകങ്ങളെ നാല് ചെറിയ ഭാഗങ്ങളായി വിഭജിക്കും. പുതിയ പാഠ്യപദ്ധതിക്കായി അധ്യാപകരെ തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടികൾ അടുത്ത അധ്യയന വർഷത്തിന് മുമ്പ് ആരംഭിക്കും.