കുവൈത്ത് സിറ്റി – വ്യാജ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും ഉണ്ടാക്കി നൽകുകയും ഹവാല ഇടപാടുകൾ നടത്തി വന്നിരുന്നതുമായ മൂന്ന് സംഘങ്ങളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്നു സംഘങ്ങളിലുമായി 4 ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ലേറെപേരാണ് ഉണ്ടായിരുന്നത്.
പണം കൈപ്പറ്റി സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി വര്‍ക്ക് പെര്‍മിറ്റുകള്‍ ഉണ്ടാക്കി കൊടുക്കുകയായിരുന്ന ആറ് ഈജിപ്തുകാരും ഒരു സിറിയക്കാരനും ഒരു കുവൈത്തിയും അടങ്ങിയവരാണ് ഒരു സംഘത്തിൽ ഉണ്ടായിരുന്നത്. 130 മുതല്‍ 250 കുവൈത്തി ദീനാര്‍ വരെ കൈക്കൂലി വാങ്ങി ഇവർക്ക് വേണ്ടി പ്രവർത്തിച്ച പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. ചില സ്ഥാപനങ്ങൾക്ക് വേണ്ടി വ്യാജ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയതായി പ്രതികള്‍ സമ്മതിച്ചു. ഇവ ഉപയോഗിച്ച് ഈജിപ്തില്‍ നിന്ന് അനധികൃതമായി തൊഴിലാളികളെ നിയമിക്കാൻ ഈ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു.
28 സ്വകാര്യ കമ്പനികളുടെ ലൈസന്‍സുകള്‍ ഉപയോഗിച്ച് 382 തൊഴിലാളികളെ വിദേശത്തുനിന്ന് നിയമവിരുദ്ധമായി കടത്തികൊണ്ടു വന്ന മറ്റൊരു സംഘത്തെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഓരോ തൊഴിലാളിയെയും എത്തിക്കുന്നതിന് 800 മുതല്‍ 1,000 കുവൈത്തി ദീനാര്‍ വരെ ഇവർ ഈടാക്കിയിരുന്നു. കൂടാതെ മാന്‍പവര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് 200 മുതല്‍ 250 കുവൈത്തി ദീനാര്‍ വീതം വരെ കൈകൂലി നൽകിയതായും കണ്ടെത്തി. മൂന്ന് കുവൈത്തി ഉദ്യോഗസ്ഥരും രണ്ട് ഈജിപ്തുകാരും ഒരു ഫലസ്തീനിയുമാണ് ഈ കേസില്‍ അറസ്റ്റിലായത്.
രണ്ട് കുവൈത്തികളും ആറ് ഈജിപ്തുകാരും ഉള്‍പ്പെട്ട അനധികൃത പണ കൈമാറ്റ സംഘത്തെയും (ഹവാല) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികള്‍ ഹവാല പണം കൈമാറാന്‍ ചില രാജ്യങ്ങളിലെ വ്യാപാരികളുമായി ഒന്നിച്ചു പ്രവർത്തിച്ചുവെന്നും കണ്ടെത്തി. ഇത് രാജ്യത്തെ സാമ്പത്തിക, ധന സംവിധാനങ്ങളെ ബാധിക്കുകയും കുവൈത്തിലും വിദേശത്തും ബാങ്കിംഗ് സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു