കുവൈത്ത് സിറ്റി– പൊതു സദാചാര ലംഘനം നടത്തിയെന്നാരോപിച്ച് കുവൈത്തിലെ മുത്ലയിൽ ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. ക്യാമ്പിനുള്ളിൽ പെൺവേഷം ധരിച്ച് അശ്ലീല ചുവടുകളുമായി ആഘോഷം സംഘടിപ്പിച്ചതിനാണ് നടപടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.
പെൺവേഷം ധരിച്ചയാൾക്ക് ചുറ്റും മറ്റുള്ളവർ നൃത്തം ചെയ്യുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സൈബർ ക്രൈം കൺട്രോൾ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത വ്യക്തിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും വീഡിയോയിലുള്ള മറ്റുള്ളവരെ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്തെ നിയമങ്ങൾക്കും സാമൂഹിക മൂല്യങ്ങൾക്കും നിരക്കാത്ത ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാൻ സൈബർ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



