കുവൈത്ത് സിറ്റി – കുവൈത്തിലെ അലി അല്‍സാലിം വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി ബ്ലൂംബെര്‍ഗ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അമേരിക്കന്‍ സൈനികര്‍ക്ക് നിസ്സാര പരിക്കേറ്റത്. ആക്രമണത്തില്‍ രണ്ട് എം.ക്യു-9 റീപ്പര്‍ സ്‌ട്രൈക്ക് ഡ്രോണുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും ബ്ലൂംബെര്‍ഗ് പറഞ്ഞു.
കുവൈത്ത് സിറ്റിക്ക് വടക്കുപടിഞ്ഞാറ് 40 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന അലി അല്‍സാലിം വ്യോമതാവളം ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ വ്യോമ ഓപ്പറേഷനുകളുടെ പ്രധാന കേന്ദ്രമാണ്. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സൈനികര്‍ ഇവിടെ തമ്പടിച്ചിരിക്കുന്നു. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നിര്‍ണായകമായ രണ്ടു ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് തീരത്തെ ബന്ദര്‍ അബ്ബാസിലും മറ്റു കേന്ദ്രങ്ങളിലും അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് കുവൈത്തിലെ അലി അല്‍സാലിം വ്യോമതാവളത്തില്‍ ഇറാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഇറാനില്‍ ആക്രമണങ്ങള്‍ നടത്തിയ വിമാനങ്ങള്‍ കുവൈത്ത് വ്യോമതാവളത്തില്‍ നിന്നാണെന്നാണ് ഇറാന്റെ വാദം.



