കുവൈത്ത് സിറ്റി– സുരക്ഷാ ചുമതലകളുടെ ഭാഗമായി ദേശീയ കടമ നിര്‍വഹിക്കുന്നതിനിടെ തങ്ങളുടെ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലാന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റിയിലെ അംഗങ്ങളായ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ഇമാദ് അല്‍ശറാഹ്, മേജര്‍ ഫഹദ് അബ്ദുല്‍ അസീസ് അല്‍മുജമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് ഇരുവരും രക്തസാക്ഷികളായതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ നഷ്ടത്തില്‍ ആഭ്യന്തര മന്ത്രാലയം അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിലും അതിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിലും കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ അങ്ങേയറ്റം ധീരമായും സമര്‍പ്പണത്തോടെയും തങ്ങളുടെ കടമ നിര്‍വഹിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇറാന്‍ ആക്രമണത്തില്‍ മിസൈല്‍ ശകലങ്ങള്‍ വീണതിന്റെ ഫലമായി ബഹ്റൈനിന്റെ വടക്കുകിഴക്ക് മുഹറഖ് പ്രദേശത്തുള്ള മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സര്‍വകലാശാലാ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ഇന്ന് അറിയിച്ചു. കുവൈത്തിലെ പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി കെട്ടിടം ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ നടന്ന ഇറാന്‍ ആക്രമണത്തില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ചു. കെട്ടിടത്തിന്റെ പല നിലകളിലും ഗ്ലാസ് മുന്‍ഭാഗങ്ങള്‍ തകര്‍ന്നു. തങ്ങളുടെ പ്രധാന കെട്ടിടം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും അതിന്റെ ഫലമായി ഭൗതിക നാശനഷ്ടങ്ങള്‍ ഉണ്ടായതായും പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി അറിയിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ ഇന്ന് ഇറാന്‍ തകര്‍ക്കുകയും ബഹ്റൈനിലെ ഡീസലൈനേഷന്‍ പ്ലാന്റിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ എട്ട് പേര്‍ സാധാരണക്കാരാണ്. കുവൈത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടന്നു. തത്ഫലമായുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും കുവൈത്ത് വാര്‍ത്താ ഏജന്‍സി പറഞ്ഞു. ആക്രമണത്തിനിടെ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചും ഇന്റര്‍സെപ്ഷന്‍ ശകലങ്ങള്‍ മൂലവും സിവിലിയന്‍ സൗകര്യങ്ങള്‍ക്ക് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അധികൃതര്‍ വ്യക്തമാക്കി.



