കുവൈത്ത് സിറ്റി – ടി – 20 ലോകകപ്പ് യോഗ്യത മത്സരത്തിലേക്കുള്ള കുവൈത്ത് ടീമിൽ ഇടം നേടി ആറു മലയാളി താരങ്ങൾ. കൂടെ രണ്ടു സ്റ്റാഫുകൾ കൂടി ചേരുമ്പോൾ എട്ടു മലയാളി സാന്നിധ്യമാണ് ടീമിലുള്ളത്
തെരഞ്ഞെടുത്ത ആറു താരങ്ങളിൽ മൂന്നു പേർ തൃശൂർ സ്വദേശികളാണ്. അനുദീപ്, നവീൻ രാജ്, കിന്റോ ആന്റോ എന്നിവരാണ് തൃശ്ശൂർ സ്വദേശികൾ. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീക്ക്, പാലക്കാട് സ്വദേശി നിമിഷ്, കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാനുമാണ് കുവൈത്ത് ടീമിൽ ഇടം നേടിയ മറ്റു മലയാളികൾ.
ക്ലിന്റോ ടീമിന്റെ ഒരു പ്രധാന മിഡിൽ ഓർഡർ ബാറ്റ്സ്മാനാണ്. ഷഫീക്കും, നിമിഷും ടീമിന്റെ പേസ് ബൗളിങ്ങിലെ കരുത്തരാണ്. ഏറെക്കാലമായി ടീമിൽ കളിക്കുന്ന ഷിറാസ് ഓൾ റൗണ്ടർ എന്നതിലുപരി വൈസ് ക്യാപ്റ്റനായും ചുമതലയേറ്റിട്ടുണ്ട്. അനുദീപും, നവീനും ഓൾ റൗണ്ടർമാർ തന്നെയാണ്. ഇവരെ കൂടാതെ മലയാളികളായ ടീം മാനേജർ നവീൻ ഡി ധനജ്ഞയനും അസിസ്റ്റന്റ് കോച്ചായ ഇസ്മായിലും എന്നിവരും കൂടെയുണ്ട്.
ഒക്ടോബർ എട്ടിന് ഒമാനിൽ വെച്ചാണ് ടി – 20 ലോകകപ്പിലേക്കുള്ള ഏഷ്യൻ യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നത്. കുവൈത്തിന്റെ ആദ്യ മത്സരം ഉദ്ഘാടന ദിവസം നേപ്പാളിനെതിരെയാണ്.