കുവൈത്ത് സിറ്റി – മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് അധികൃതർ പിടികൂടി. ഡെൽഹിയിൽ നിന്നും കുവൈത്ത് എയർപോർട്ടിലെ ടെർമിനൽ നാലിൽ എത്തിയ ഇന്ത്യൻ യാത്രക്കാരനിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇയാളുടെ പക്കൽ നിന്നും 226 ഗ്രാം ഹഷീഷ് ആണ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
മറ്റൊരു സംഭവത്തിൽ, വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ വെച്ച് ആഫ്രിക്കൻ സ്വദേശിനിയായ യുവതിയും മയക്കുമരുന്നുമായി പിടിയിലായി. കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന ബെനിൻ സ്വദേശിനിയാണ് 1.074 കിലോഗ്രാം മരിജുവാന കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് വിതരണത്തിനുള്ള ചെറിയ കീസുകളും റോളിംഗ് പേപ്പറുകളും ഇവരുടെ പക്കല്‍ കണ്ടെത്തി. ഇരു കേസുകളിലും നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു.



