കുവൈത്ത് സിറ്റി – ഇന്ന് (ജൂണ്‍ 1) മുതല്‍ ഓഗസ്റ്റ് 31 വരെ രാജ്യവ്യാപകമായി എല്ലാ റോഡുകളിലും രാവിലെ 11:00 നും വൈകുന്നേരം 4:00 നും ഇടയില്‍ ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ സര്‍വീസ് നടത്തുന്നത് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് വകുപ്പ് നിരോധിച്ചു. കുവൈത്തിലെ കടുത്ത വേനല്‍ക്കാല താപനിലയില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി അത്യുഷ്ണം അനുഭവപ്പെടുന്ന സമയങ്ങളില്‍ പുറം ജോലി നിരോധിക്കുന്ന വിശാലമായ ദേശീയ നയത്തിന്റെ ഭാഗമായാണ് ഡെലിവറി ബൈക്കുകള്‍ക്കുള്ള മധ്യാഹ്ന നിയന്ത്രണം. ഇത് ലംഘിക്കുന്നവര്‍ ഗതാഗത നിയമ ലംഘനങ്ങളും പിഴകളും നേരിടേണ്ടിവരും.
അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കുള്ള കടുത്ത ശിക്ഷകള്‍ നടപ്പാക്കാന്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണിക്കൂറില്‍ 150, 170, 200 കിലോമീറ്റര്‍ എന്നിങ്ങിനെ വേഗത എത്രത്തോളം അധികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പിഴകള്‍ വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. എല്ലാ നിയമ ലംഘകര്‍ക്കും ട്രാഫിക് പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. കുവൈത്ത് പൗരന്മാര്‍ക്ക് പിഴക്ക് പുറമേ തടവ് ശിക്ഷയും ലഭിക്കും. പ്രവാസികളെ ഉടനടി രാജ്യത്ത് നിന്ന് നാടുകടത്തും.



