കുവൈത്ത് സിറ്റി – രണ്ടു മാസത്തെ അടച്ചുപൂട്ടലിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. വിമാന സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. പ്രാദേശിക സംഭവവികാസങ്ങള്‍ കാരണം ഫെബ്രുവരി 28 മുതലാണ് താല്‍ക്കാലിക മുന്‍കരുതല്‍ എന്നോണം കുവൈത്ത് വ്യോമമേഖല അടച്ചത്. ഞായറാഴ്ച മുതല്‍ 4 ഉം 5 ഉം ടെര്‍മിനലുകള്‍ വീണ്ടും തുറക്കുന്നതോടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കും.
ഉയര്‍ന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ആഭ്യന്തര, അന്തര്‍ദേശീയ അധികൃതരുമായി ഏകോപിച്ചാണ് വ്യോമമേഖല വീണ്ടും തുറന്നതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് ഹമൂദ് മുബാറക് അല്‍സ്വബാഹ് വ്യക്തമാക്കി. വ്യോമഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതും ക്രമേണയുള്ളതുമായ സമീപനത്തിന്റെ ഭാഗമാണ് വ്യോമമേഖല വീണ്ടും തുറക്കുന്നത്. യഥാസമയം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈഖ് ഹമൂദ് മുബാറക് അല്‍സ്വബാഹ് കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ആക്രമണത്തിന്റെയും അനുബന്ധ സായുധ സംഘങ്ങള്‍ നടത്തിയ ആക്രമണത്തിന്റെയും നാശനഷ്ടങ്ങളുടെ വിലയിരുത്തലുകള്‍ പൂര്‍ത്തിയായതായും, പ്രവര്‍ത്തന സന്നദ്ധത പുനഃസ്ഥാപിക്കാനായി സാങ്കേതിക സംഘങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതായും അധികൃതര്‍ പറഞ്ഞു. പ്രവര്‍ത്തന മുന്‍ഗണനകളെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രാരംഭ സര്‍വീസുകള്‍ പരിമിതപ്പെടുത്തും. ഓരോ ഘട്ടവും വിപുലീകരിക്കുന്നതിന് മുമ്പ് തുടര്‍ച്ചയായ വിലയിരുത്തലിന് വിധേയമാക്കും. സാഹചര്യം കൈകാര്യം ചെയ്യുന്നതിലും വീണ്ടെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യോമയാന ജീവനക്കാരുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ ശൈഖ് ഹമൂദ് പ്രശംസിച്ചു.
സ്വന്തം വിമാനത്താവളങ്ങളിലൂടെ കുവൈത്ത് വിമാനക്കമ്പനികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ സൗദി അറേബ്യ നല്‍കിയ പിന്തുണക്ക് ശൈഖ് ഹമൂദ് മുബാറക് അല്‍സ്വബാഹ് നന്ദി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ വ്യോമഗതാഗത തുടര്‍ച്ച നിലനിര്‍ത്തുന്നതിന് ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനവും ശൈഖ് ഹമൂദ് എടുത്തുപറഞ്ഞു.
ടെര്‍മിനല്‍ 4 ല്‍ നിന്ന് 17 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അടുത്ത ഞായറാഴ്ച മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. ലണ്ടന്‍, ഇസ്താംബൂള്‍, ലാഹോര്‍, ധാക്ക, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ഡല്‍ഹി, മനില, കയ്റോ, റിയാദ്, ജിദ്ദ, കൊളംബോ, ഗ്വാങ്ഷൂ, ബെയ്റൂത്ത്, ദമാസ്‌കസ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഞായറാഴ്ച മുതല്‍ പുനരാരംഭിക്കുന്നത്. ലണ്ടന്‍, റിയാദ്, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ഡല്‍ഹി, മനില എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും കയ്റോയിലേക്ക് ദിവസേന ഒരു സര്‍വീസും ഉണ്ടാകുമെന്ന് കമ്പനി ആക്ടിംഗ് സി.ഇ.ഒ അബ്ദുല്‍വഹാബ് അല്‍ശത്തി കുവൈത്ത് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ജിദ്ദ, ധാക്ക എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളും ബെയ്റൂത്ത്, ദമാസ്‌കസ്, ലാഹോര്‍ എന്നിവിടങ്ങളിലേക്ക് പ്രതിവാരം രണ്ട് സര്‍വീസുകളുമുണ്ടാകും. ഇസ്താംബൂള്‍, ഗ്വാങ്ഷൂ, കൊളംബോ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഒരു സര്‍വീസ് വീതമാണുണ്ടാവുക.
ടെര്‍മിനല്‍ 4 ല്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനുമുള്ള കമ്പനിയുടെ നിരന്തരമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. ഉയര്‍ന്ന കാര്യക്ഷമതയോടും വഴക്കത്തോടും കൂടി വിവിധ പ്രവര്‍ത്തന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കമ്പനിക്ക് പൂര്‍ണ്ണ സന്നദ്ധതയും ശേഷിയുമുണ്ട്. വ്യോമഗതാഗത മേഖലയിലെ മുന്‍നിര സ്ഥാനം പ്രതിഫലിപ്പിക്കുന്ന നിലക്ക്, പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ഉയര്‍ന്ന സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും കൈവരിക്കുന്നത് ഉറപ്പാക്കി, നന്നായി നിര്‍വചിക്കപ്പെട്ട പദ്ധതികള്‍ക്കനുസൃതമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഉപഭോക്തൃ പ്രതീക്ഷകള്‍ നിറവേറ്റുന്നതും നല്‍കുന്ന സേവനങ്ങളില്‍ അവരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതുമായ തടസ്സമില്ലാത്തതും അസാധാരണവുമായ യാത്രാ അനുഭവം നല്‍കാനുള്ള കുവൈത്ത് എയര്‍വേയ്‌സിന്റെ പ്രതിബദ്ധത അബ്ദുല്‍വഹാബ് അല്‍ശത്തി വ്യക്തമാക്കി.
കുവൈത്തില്‍ ഇന്നു മുതല്‍ വിവാഹാഘോഷങ്ങളും പാര്‍ട്ടികളും നാടക പ്രദര്‍ശനങ്ങളും ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രണ്ടു മാസത്തിനു ശേഷം രാജ്യത്ത് സാമൂഹിക ജീവിതം സാധാരണ നിലയിലാകും. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് വിവാഹാഘോഷങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും നാടക പ്രദര്‍ശനങ്ങള്‍ക്കും നേരത്തെ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് എടുത്തുകളഞ്ഞത്. പുതിയ സംഭവവികാസങ്ങള്‍ ഇരുപത്തിനാലു മണിക്കൂറും ശക്തമായി നിരീക്ഷിക്കുന്നത് തുടരുമെന്നും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.



