കുവൈത്ത് സിറ്റി – വ്യാജ രേഖകള്‍ നിര്‍മിച്ച് കുവൈത്ത് പൗരത്വം നേടിയ സൗദി പൗരനെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. നീതിന്യായ മന്ത്രാലയത്തില്‍ മെസ്സഞ്ചറായി ജോലി ചെയ്തുവന്ന പ്രതിക്ക് 3,15,000 കുവൈത്തി ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്.
അനധികൃതമായി ജോലി നേടിയതിലൂടെ നീതിന്യായ മന്ത്രാലയത്തില്‍ നിന്ന് കൈപ്പറ്റിയ തുകയും പാര്‍പ്പിട അലവന്‍സ് ഇനത്തില്‍ ലഭിച്ച തുകയും അടക്കമുള്ള സംഖ്യയാണ് പ്രതിക്ക് പിഴയായി ചുമത്തിയിരിക്കുന്നത്. 1995 മുതല്‍ അപ്രത്യക്ഷനായ കുവൈത്തി പൗരന്റെ രേഖകളില്‍ കൃത്രിമം നടത്തിയാണ് പ്രതി കുവൈത്തി പൗരനായി നടന്ന് നീതിന്യായ മന്ത്രാലയത്തില്‍ ജോലി തരപ്പെടുത്തിയത്.
രേഖകളില്‍ കൃത്രിമം നടത്താന്‍ പ്രതിക്ക് കൂട്ടുനിന്ന മറ്റൊരു സൗദി പൗരനെ അയാളുടെ അഭാവത്തില്‍ കോടതി ശിക്ഷിച്ചു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. രണ്ടാം പ്രതിക്കും ഏഴു വര്‍ഷം തടവാണ് കോടതി വിധിച്ചത്.