ദുബായ്– പരിശീലനമോ പരീക്ഷകളോ ഇല്ലാതെ അയൽരാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസ് തരപ്പെടുത്തി നൽകി വൻതട്ടിപ്പ് നടത്തിയ എട്ടംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ ലൈസൻസിനും 10,000 ദിർഹം വീതമാണ് സംഘം ഈടാക്കിയിരുന്നത്. യു.ഇ.എ. വിദേശകാര്യ മന്ത്രാലയവും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് പ്രതികളെ പിടികൂടിയത്.
#News | Dubai Police Uncovers Fake Driving Licence Scheme Exploiting International Exchange Agreements Details: https://t.co/lNu7iW7NTc #UAEMinistryofForeignAffairs #RTA #EnhancingSafetyandSecurity https://t.co/4u1wWlSWUB
— Dubai Policeشرطة دبي (@DubaiPoliceHQ) October 16, 2026
ചില രാജ്യങ്ങളിൽ നിന്ന് നിയമപരമായി ലഭിക്കുന്ന ലൈസൻസുകൾ അധിക പരിശീലനമോ പരീക്ഷകളോ കൂടാതെ യു.എ.ഇ. ലൈസൻസുകളാക്കി മാറ്റാൻ അനുവദിക്കുന്ന അന്താരാഷ്ട്ര കരാറുകളിലെ വ്യവസ്ഥകളാണ് സംഘം ദുരുപയോഗം ചെയ്തത്. അയൽരാജ്യങ്ങളിൽ നേരിട്ട് പോകാതെയും ഡ്രൈവിംഗ് പരീക്ഷകൾ പാസാകാതെയും അവിടുത്തെ ലൈസൻസുകൾ സംഘടിപ്പിച്ചു നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. തുടർന്ന്, നിലവിലുള്ള അന്താരാഷ്ട്ര എക്സ്ചേഞ്ച് കരാറുകൾ പ്രകാരം ദുബായ് ആർ.ടി.എയിൽ സമർപ്പിച്ച് ഇവ യു.എ.ഇ. ഡ്രൈവിംഗ് ലൈസൻസുകളാക്കി മാറ്റാൻ ഇടപാടുകാരെ സംഘം സഹായിച്ചു. യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന വിവിധ ഇടപാട് സേവന സ്ഥാപനങ്ങളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ് ഇത്തരം തട്ടിപ്പുകളെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവിംഗ് പരിശീലനങ്ങളും പരീക്ഷകളും ഒഴിവാക്കുന്നത് മതിയായ യോഗ്യതയില്ലാത്തവർ പൊതുനിരത്തുകളിൽ വാഹനമോടിക്കുന്നതിനും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. വഞ്ചനാപരമായ മാർഗങ്ങളിലൂടെ ലൈസൻസ് സംഘടിപ്പിച്ചു നൽകുന്നവർക്ക് മാത്രമല്ല, അത്തരം ലൈസൻസുകൾക്ക് പണം നൽകി സ്വന്തമാക്കുന്നവർക്കും കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് പൊലീസ് വ്യക്തമാക്കി.
അംഗീകൃത സ്ഥാപനങ്ങളിലൂടെ മാത്രം ഡ്രൈവിംഗ് ലൈസൻസ് തേടണമെന്നും, നിയമവിരുദ്ധമായി ലൈസൻസ് വാഗ്ദാനം ചെയ്യുന്നവരെക്കുറിച്ച് വിവരം നൽകി അധികാരികളെ സഹായിക്കണമെന്നും ദുബായ് പൊലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.







