കുവൈത്ത് സിറ്റി – പതിനെട്ട് കോടി ഡോളറിന്റെ പൊതുഫണ്ട് തട്ടിപ്പ് കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഒരു വനിത അടക്കം നാല് പേരെ ക്രിമിനല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഏതാനും മേഖലകളില്‍ നടത്തിയ ഊര്‍ജിതമായ തിരച്ചില്‍, അന്വേഷണം, ഫീല്‍ഡ് ഓപ്പറേഷനുകള്‍ എന്നിവയിലൂടെയാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. ഒളിച്ചോടിയ എല്ലാ കുറ്റവാളികളെയും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകള്‍ 24 മണിക്കൂറും ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
തങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാനും രക്ഷപ്പെടാനും ആരെയും അനുവദിക്കില്ല.
തങ്ങള്‍ക്കെതിരെ വിധിന്യായങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ വ്യക്തികളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുന്നില്‍ കീഴടങ്ങി, തങ്ങളുടെ നിയമപരമായ പദവി പരിഹരിക്കണം. റെയ്ഡുകള്‍, അറസ്റ്റ്, തടങ്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയമപ്രകാരമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കാനായി കാത്തിരിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജുഡീഷ്യല്‍ വിധികള്‍ നടപ്പാക്കുക എന്നത് നിയമപരമായ കടമയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്ന ആളുകളെ പിടികൂടാനും നിയമത്തിന്റെ അന്തസ്സ് ഉറപ്പിക്കാനും സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കാനുമുള്ള സുരക്ഷാ കാമ്പെയ്നുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിചേർത്തു.



