കുവൈത്ത് സിറ്റി – ടാക്‌സി കാർ തട്ടിയെടുക്കുകയും ഫിൻതാസിലെ മണി എക്‌സ്‌ചേഞ്ച് കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് കുവൈത്ത് അപ്പീൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. തോക്ക് ഉപയോഗിച്ച് എക്‌സ്‌ചേഞ്ചിൽ അതിക്രമിച്ചു കയറിയ പ്രതിക്ക് ആയുധം തകരാറിലായതിനാൽ കവർച്ച പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് എക്‌സ്‌ചേഞ്ചിൽ നിന്ന് പുറത്തിറങ്ങി ടാക്‌സി തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി ആയുധം സൂക്ഷിച്ച സ്ഥലം അധികൃതരെ അറിയിച്ചു. വിചാരണക്കിടെ പ്രതിയുടെ അഭിഭാഷകൻ മാനസികാരോഗ്യ പരിശോധന ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് നിരാകരിക്കുകയും പ്രതിയെ 15 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. അപ്പീൽ കോടതി ശിക്ഷ അഞ്ച് വർഷമായി കുറക്കുകയായിരുന്നു.



