കുവൈത്ത് സിറ്റി– കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിന അല്‍അഹ്‌മദി റിഫൈനറിയില്‍ ഇന്ന് പുലര്‍ച്ചെ ഏതാനും ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായും അതിന്റെ ഫലമായി റിഫൈനറിയുടെ ചില യൂണിറ്റുകളില്‍ തീപിടുത്തമുണ്ടായതായും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു. ആക്രമണങ്ങളുടെ ഫലമായി ആര്‍ക്കും പരിക്കില്ലെന്ന് പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നതായി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ പറഞ്ഞു. അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനയും എമര്‍ജന്‍സി സംഘങ്ങളും ഉടന്‍ സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് റിഫൈനറിയിലെ ഏതാനും യൂണിറ്റുകള്‍ അടച്ചുപൂട്ടി.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും കുവൈത്തിലെ മിന അല്‍അഹ്‌മദി, മിന അബ്ദുല്ല റിഫൈനറികള്‍ക്കു നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. യു.എ.ഇയിലും ഖത്തറിലും സൗദിയിലും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആവര്‍ത്തിച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചു. ഇതില്‍ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തടഞ്ഞ് തകര്‍ക്കാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചെങ്കിലും ചില ഡ്രോണുകളും മിസൈലുകളും ലക്ഷ്യങ്ങളില്‍ പതിച്ച് വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.



