കുവൈത്ത് സിറ്റി – രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം, പണം വെളുപ്പിക്കല്‍, വിഭാഗീയ സംഘര്‍ഷം ഇളക്കിവിടല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളില്‍ രണ്ടു മുന്‍ എം.പിമാര്‍ അടക്കം 15 പേരെ വിവിധ കോടതികള്‍ ശിക്ഷിച്ചു. കുവൈത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി, മുന്‍ എം.പിയും പാര്‍ലമെന്റിന്റെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ മുഹമ്മദ് അല്‍മുതൈറിന്റെ മൂന്ന് വര്‍ഷത്തെ കഠിനതടവ് ശിക്ഷ ശരിവെച്ചു.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മുഹമ്മദ് അല്‍മുതൈറിനെ നേരത്തെ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷാ വിധി സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി ശരിവെക്കുകയായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച തെറ്റായ വാര്‍ത്തകളും കിംവദന്തികളും മനഃപൂര്‍വ്വം പ്രചരിപ്പിക്കല്‍, അറ്റോര്‍ണി ജനറലിനെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളിലാണ് മുഹമ്മദ് അല്‍മുതൈറിനെ കോടതി ശിക്ഷിച്ചത്. പബ്ലിക് പ്രോസിക്യൂഷനിലെയും ജുഡീഷ്യറിയിലെയും അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ മുഹമ്മദ് അല്‍മുതൈര്‍ എക്‌സ് പ്ലാറ്റ്ഫോമിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.
മറ്റൊരു കേസില്‍ മുഹമ്മദ് അല്‍മുതൈറിനെ കുറ്റവിമുക്തനാക്കി കാസേഷന്‍ കോടതി വിധി പുറപ്പെടുവിച്ചു. ഈ കേസില്‍ കീഴ്‌ക്കോടതി മുഹമ്മദ് അല്‍മുതൈറിന് വിധിച്ച തടവ് ശിക്ഷ കാസേഷന്‍ കോടതി റദ്ദാക്കി. മറ്റൊരു മുന്‍ എം.പിയായ സ്വാലിഹ് ആശൂറിനെയും മറ്റൊരാളെയും ഞായറാഴ്ച കുവൈത്തിലെ പരമോന്നത കോടതി വഞ്ചനാ കേസില്‍ മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങളില്‍ നിന്ന് സ്വാലിഹ് ആശൂറിനെ കോടതി കുറ്റവിമുക്തനാക്കി. അല്‍സഖലൈന്‍ അസോസിയേഷനില്‍ നിന്ന് 1,51,000 ദീനാര്‍ തട്ടിയെടുത്തതിനും വെളുപ്പിച്ചതിനും മുന്‍ എംപി സ്വാലിഹ് ആശൂറിനെയും മറ്റൊരു കുവൈത്തി പൗരനെയും കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി നേരത്തെ ശരിവെച്ചിരുന്നു. ഇത് റദ്ദാക്കിയാണ് ഇരുവരെയും പരമോന്നത കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ 11 പ്രതികളെ സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ടെററിസം ക്രൈംസ് കോടതി ശിക്ഷിച്ചു. ഇവര്‍ക്ക് പത്തു വര്‍ഷം വരെ തടവും 30 കോടിയിലേറെ കുവൈത്തി ദീനാര്‍ (97.2 കോടി ഡോളര്‍) പിഴയുമാണ് വിധിച്ചത്. 33 പ്രതികളെ വെറുതെവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാല് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം വീതം തടവും 19.9 കോടി ദീനാര്‍ (ഏകദേശം 52.0 കോടി ഡോളര്‍) പിഴയും വിധിച്ചു. കേസില്‍ പങ്കുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 9.9 കോടി ദീനാര്‍ (26.3 കോടി ഡോളര്‍) പിഴ ചുമത്തി. വെളുപ്പിച്ച ഫണ്ടുകളുടെ മൂല്യത്തിന് തുല്യമായ തുകയാണ് സ്ഥാപനങ്ങള്‍ക്ക് പിഴയായി ചുമത്തിയത്. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സ്ഥാപനങ്ങളെ ശാശ്വതമായി വിലക്കിയിട്ടുമുണ്ട്.
ലെബനോനിലെ ഹിസ്ബുല്ല ഗ്രൂപ്പിന് സാമ്പത്തിക സഹായം നല്‍കുകയും ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതിന് രണ്ട് കുവൈത്തി പൗരന്മാരും ഒരു ലെബനീസ് പൗരനും ഉള്‍പ്പെടെ മറ്റ് നാല് പ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവും 60 ലക്ഷം ദീനാര്‍ (1.6 കോടി ഡോളര്‍) പിഴയും വിധിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മറ്റൊരു കുവൈത്തി പൗരന് 10 വര്‍ഷം തടവും 60.7 ലക്ഷം ദീനാര്‍ (1.614 കോടി ഡോളര്‍) പിഴയും കോടതി വിധിച്ചു. ദേശീയ സുരക്ഷാ കേസില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവിന് അഞ്ച് വര്‍ഷം തടവും ശിക്ഷ വിധിച്ചു.
രാജ്യദ്രോഹത്തിന് പ്രേരിപ്പിച്ച കേസില്‍ രണ്ടു കുവൈത്തി പൗരന്മാരെ കോടതി മൂന്ന് വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. സമാന കേസില്‍ ഒരു പ്രവാസിക്ക് രണ്ട് വര്‍ഷം തടവും നാടുകടത്തലും വിധിച്ചു. സമാനമായ ആരോപണങ്ങള്‍ നേരിട്ട, വനിതകള്‍ അടക്കം 33 സ്വദേശികളെ കോടതി കുറ്റവിമുക്തരാക്കി. ഒരു കുവൈത്തി വനിത അടക്കം ഏതാനും സ്വദേശികള്‍ക്ക് രാജ്യദ്രോഹ കേസില്‍ നേരത്തെ തടവ് വിധിച്ചുള്ള ശിക്ഷാവിധികള്‍ കോടതി റദ്ദാക്കി ഇവരെയും കുറ്റവിമുക്തരാക്കി.



